മുളങ്കുന്നത്തുകാവ്: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കൊണ്ടുവന്ന രോഗിക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം.
വെന്റിലേറ്റർ ഒഴിവില്ലെന്നും ഡോക്ടർ ഇല്ലെന്നും പറഞ്ഞ് മറ്റെവിടെയെങ്കിലും കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദേശി ക്കുകയായിരുന്നു.
ഇതനുസരിച്ച് പരിക്കേറ്റയാളെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.മണിക്കൂറുകളോളം ആംബുലൻസിൽ കിടന്നയാൾക്ക് അടിയന്തര ചികിത്സ നൽകാൻ പോലും മെഡിക്കൽ കോളജിലുണ്ടായിരുന്നവർ തയാറായില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞദിവസം വൈകീട്ട് കൊട്ടേക്കാട് ബസ് സ്റ്റോപ്പിനടുത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ് എത്തിച്ച വട്ടണാത്ര സ്വദേശി വിജയനാണ് ഈ ദുരനുഭവമുണ്ടായത്.
ഗുരുതരമായ പരിക്കുകളോടെ എത്തിച്ച വിജയനെ ആംബുലൻസിൽനിന്ന് ഇറക്കാ നോ, വന്നു നോക്കാൻപോലുമോ ആശുപത്രി അധികൃതർ തയാറായില്ലെന്നാണ് ആ ക്ഷേപം.
ട്രോമാകെയർ ഇപ്പോഴും നോക്കുകുത്തി
ആറുവർഷംമുന്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത ട്രോമാ കെയർ കെട്ടിടം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം ഒരു ഉപകാരവുമില്ലാതെ അടഞ്ഞുകിടക്കുന്നുണ്ട്.
അപകടത്തിൽ പരിക്കേറ്റ് എത്തുന്നവർക്ക് എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടി അടിയന്തര ചികിത്സ നൽകാൻ വേണ്ടിയാണ് ട്രോമാകെയർ വിഭാഗം സജ്ജമാക്കിയത്.
എന്നാൽ ഇതിപ്പോൾ കാർ പാർക്കിംഗിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്.