മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപതിയോട് സർക്കാരിന്റെ കടുത്ത അവഗണന. മൂന്നു മന്ത്രിമാരുള്ള തൃശൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ ദിനംപ്രതി പ്രതിസന്ധിയിലേക്ക് നീങ്ങുന്പോൾ ആരോഗ്യമന്ത്രി കൂടുതൽ അവഗണനയാണ് കാണിക്കുന്നത്. മൂന്ന് തസ്തികകളാണ് സർക്കാർ അടുത്തയിടെ പിൻവലിച്ച് ഉത്തരവായത്. മെഡിക്കൽ കോളജിനെ ഘട്ടംഘട്ടമായി തകർക്കാനുള്ള നീക്കമാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്.
ഒരു മാസത്തിനുള്ളിൽ അനസ്തേഷ്യ വിഭാഗം മേധാവിയെ സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം ന്യൂറോ സർജറി വിഭാഗം മേധാവിയെ മാത്രമല്ല ആ വകുപ്പിനെ തന്നെ കണ്ണൂർ ജില്ലയിലേക്ക് മാറ്റി. ഇന്നലെ മെഡിക്കൽ കോളജ് സുരക്ഷ വിഭാഗം മേധാവിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഈ തസ്തികയും ഇല്ലാതാക്കി. ഇപ്പോൾ തന്നെ മെഡിക്കൽ കോളജിൽ ജീവനക്കാരുടെ വൻ കുറവാണ് ഉള്ളത്. ഇത് പരിഹരിക്കണമെന്നള്ള ആവശ്യത്തിന് ദീർഘകാലമായി പരിഹാരം ആയിട്ടില്ല.
മാത്രമല്ല മെഡിക്കൽ കോളജ് വികസനത്തിന് ആവശ്യമായ ഫണ്ട് ഇതുവരെ അനുവദിച്ചിട്ടില്ല. കിഫ്ബിയിൽ ഫണ്ട് കിടക്കുന്നുണ്ടെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. പുതിയതായി യാതൊരു വികസന പരിപാടിയ്ക്കും മെഡിക്കൽ കോളജിന് ധന സഹായം അനുവദിച്ചിട്ടില്ല. ആരംഭിച്ച പല പദ്ധതികളും ഫണ്ട് ഇല്ലത്തതിന്റെ പേരിൽ പാതി വഴിയിൽ ആണ്. ’ട്രോമാകെയർ’ കെട്ടിട നിർമാണം പൂർത്തികരിച്ച് ഉദ്ഘാടനം കഴിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് നാലു വർഷം കഴിഞ്ഞു.
ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിനും ആവശ്യമായ സഹായങ്ങൾ നൽകാൻ സർക്കാർ തയ്യാറാകാത്തത് മൂലം അതിന്റെ പ്രവർത്തനവും പ്രതിസന്ധിയിലാണ്. സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനത്തിന് ഇതുവരെ തുക നൽകിയിട്ടില്ല. ഇതേ അവസ്ഥ തന്നെയാണ് മാതൃ ശിശു വിഭാഗത്തിനും. അനുമതി കൊടുക്കലല്ലാതെ പണം നൽകുന്ന കാര്യത്തിൽ യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നാണ് പരാതി.
ഗവ.മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗത്തിലെ ഏക അസോസിയേറ്റ് പ്രഫസർ തസ്തിക പെരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കിയതോടെ മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗത്തിന്റെ പ്രവർത്തനം താറുമാറാകാനുള്ള സാധ്യതയേറിയിരിക്കുകയാണ്. തസ്തിക ഇല്ലാതായതോടെ വകുപ്പിലെ പിജി സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെട്ടേക്കും.
പിജി ഡോക്ടർമാരുടെ സേവനം നിലയ്ക്കുന്നതോടെ ഈ വിഭാഗത്തിലെ ശസ്ത്രക്രിയകൾ നാമമാത്രമായി മാറും. അടിയന്തിര ശസ്ത്രക്രിയകൾ ചെയ്യാൻ ആളില്ലാതാകും. തസ്തിക കൊണ്ടു പോകരുതെന്ന മന്ത്രി രവീന്ദ്രനാഥിന്റെ അഭ്യർഥന തള്ളിയാണ് ആരോഗ്യമന്ത്രിയുടെ തീരുമാനം.