മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി. സമയം രാത്രി ഒന്പതര. അടഞ്ഞുകിടക്കുന്ന കാന്റീനിനു മുന്നിൽ പാലക്കാട് നിന്നെത്തിയ കുഞ്ഞിക്കണ്ണൻ എന്നയാളെ കണ്ടു. കൈയിലൊരു പാത്രവുമായി ആൾ കാന്റീനിനു മുന്നിൽ നിന്നു പരുങ്ങുകയാണ്.
എന്താ കാര്യമെന്ന് തിരക്കിയപ്പോഴാണ് കുറച്ചു ചായ കിട്ടാനാണ് നിൽക്കുന്നതെന്നും കാന്റീൻ അടച്ചതുകൊണ്ട് ഇനിയെന്തു ചെയ്യുമെന്നറിയാതെ നിൽക്കുകയാണെന്നും മറുപടി കിട്ടിയത്. ഇനിയെപ്പഴാ മോനേ കാന്റീൻ തുറക്കുക എന്നായിരുന്നു ആ വൃദ്ധന് അറിയേണ്ടത്. ഈ കാന്റീൻ അടച്ചുപൂട്ടിയിട്ട് മാസങ്ങളായെന്ന് ആ പാവത്തിന് അറിയില്ലല്ലോ….
കുഞ്ഞിക്കണ്ണനെ പോലെ രാത്രിയിൽ ചായയും ചൂടുവെള്ളവും തേടി മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ അലയുന്നവർ നിരവധിയാണ്. കാന്റീൻ അടച്ചുപൂട്ടി മാസങ്ങൾ പിന്നിടുന്നു. ആകെയുള്ള ഇന്ത്യൻ കോഫീഹൗസ് രാത്രി എട്ടിന് അടയ്ക്കും. പിന്നെ ചൂടുവെള്ളമോ ചായയോ കിട്ടാൻ ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലുകളേയോ തട്ടുകടകളേയോ ആശ്രയിക്കണം.
പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുറത്തെ ഹോട്ടലുകളേക്കാൾ ന്യായവിലയ്ക്ക് കാന്റീനിൽ നിന്ന് ഭക്ഷണം ലഭിച്ചിരുന്നു. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന കാന്റീൻ ഇല്ലാതായതായോടെ രോഗികളും കൂട്ടിരിപ്പുകാരും വലയുകയാണ്.
കാന്റീൻ ടെണ്ടർ നടപടികളിലെ അഴിമതിയും കെടുകാര്യസ്ഥതയുമെല്ലാം കൊണ്ടാണ് കാന്റീനിന് താഴുവീണത്. ആശുപത്രിയിലെ ഡോക്ടർമാർക്കോ ഉന്നത ഉദ്യോഗസ്ഥർക്കോ കാന്റീൻ അടച്ചിട്ടതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. ചായ കുടിക്കാൻ പോലും കഷ്ടിച്ച് പൈസ കൈയിലുള്ള പാവപ്പെട്ട് രോഗികൾക്കാണ് കാന്റീനില്ലാത്തതിന്റെ എല്ലാ ബുദ്ധിമുട്ടും.
ഡോക്ടർമാരും ഉദ്യോഗസ്ഥരും വണ്ടിയെടുത്ത് പുറത്തുപോയി ഭക്ഷണം കഴിച്ചുവരുന്പോഴും പാത്രവും ഫ്ളാസ്കുമായി ആശുപത്രി കോന്പൗണ്ടിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാരുടെ ദൈന്യത അധികൃതർ കാണുന്നില്ല.
അവരുടെ വിഷമങ്ങൾ അറിയാമായിരുന്നുവെങ്കിൽ കാന്റീൻ ഇത്രകാലം അടച്ചിടുമായിരുന്നില്ല. കാന്റീൻ തുറന്നുപ്രവർത്തിക്കാത്തതു മൂലം ആശുപത്രി വികസനസമിതിയിലേക്ക് മാസാമാസം ലഭിക്കേണ്ട 18 ലക്ഷം രൂപയും കിട്ടുന്നില്ല.
പുതിയ വിവരമനുസരിച്ച് ഒരു മാസത്തിനുള്ളിൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കി കാന്റീൻ തുറക്കണമെന്ന നിർദ്ദേശം കഴിഞ്ഞ ദിവസം നടന്ന കാന്റീൻ സബ് കമ്മിറ്റി യോഗത്തിലുണ്ടായിട്ടുണ്ടെന്നാണ്. യോഗങ്ങളും പ്രഖ്യാപനങ്ങളും തീരുമാനമെടുക്കലുമെല്ലാം നല്ലത് തന്നെ…അവ നടപ്പാക്കുന്നതാണ് പ്രധാനം
….പാവം രോഗികളും കൂട്ടിരിപ്പുകാരും പ്രതീക്ഷയോടെ കാന്റീനിന് മുന്നിലുണ്ട്..ഒരു ഗ്ലാസ് ചായക്കും ഒരു കപ്പ് ചൂടുവെള്ളത്തിനുമായി….