സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: മാസങ്ങളായി അടച്ചുപൂട്ടിയ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കാന്റീൻ രണ്ടാഴ്ചക്കുള്ളിൽ തുറക്കും.
മെഡിക്കൽ കോളജ് കാന്റീൻ നടത്തിപ്പിനു വേണ്ടി പുതിയ ടെണ്ടർ വിളിച്ച് 15 ദിവസത്തിനെള്ളിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് കാന്റീൻ പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ ഇപ്പോൾ നൽകുന്ന വിവരം.
രാത്രിയിൽ ഒരു ഗ്ലാസ് ചായക്കും ഒരു കപ്പ് ചൂടുവെള്ളത്തിനും വേണ്ടി അലയേണ്ടി വരുന്ന പാവപ്പെട്ട രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും ദയനീയാവസ്ഥ രാഷ്ട്രദീപിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
മാസങ്ങളായി കാന്റീൻ അടച്ചിട്ടതിനെ തുടർന്ന് രാത്രിയിൽ ചൂടുവെള്ളം കിട്ടാൻ പോലും വഴിയില്ലാതെ രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടുന്ന വാർത്ത ചർച്ചയാവുകയും ടെണ്ടർ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ തീരുമാനിക്കുകയുമായിരുന്നു.
നേരത്തെ ഒരു മാസത്തോളം സമയമെടുക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും കാന്റീൻ സബ് കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്നാണ് അടിയന്തരമായി ടെണ്ടർ വിളിക്കാൻ നിർദ്ദേശം ഉണ്ടായിരിക്കുന്നത്.