മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചതോടെ രോഗികളടക്കമുള്ളവർ ദുരിതത്തിൽ.
ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചത്.
ആശുപത്രിയിലെത്തുന്നവർ ഏറ്റവുമധികം ആശ്രയിക്കുന്ന കോഫീ ഹൗസ് അടച്ചതോടെ ഭക്ഷണത്തിനും ചൂടുവെള്ളത്തിനുമായി ആളുകൾ ഏറെ ദൂരത്തേക്കു പോകേണ്ട സ്ഥിതിയാണ്. സ്ത്രീകളടക്കമുള്ളവർക്ക് രാത്രിയിൽ തെരുവുവിളക്കുകളില്ലാത്ത വഴിയിലൂടെ ഹോട്ടലുകളിലേക്ക് പോകേണ്ടത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു കാന്റീൻ കൂടി വേണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്. രണ്ടര കോടി രൂപയ്ക്ക് പുതിയ കാന്റീൻ ആരംഭിക്കാൻ കഴിഞ്ഞ ജനുവരിയിൽ അനുമതി നൽകിയിരുന്നു.
മാർച്ച് 31ന് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും കോവിഡിന്റെ പശ്വത്തലത്തിൽ കാന്റീൻ ആരംഭിക്കാൻ കരാറുകാരൻ തയ്യാറായില്ല. മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണം ഉച്ചയ്ക്ക് മാത്രമാണുള്ളത്.
ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ ആശ്വാസമാകുന്നുണ്ട്. എന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആയിരക്കണക്കിന് ജീവനക്കാർക്ക് ചായ അടക്കമുള്ള ലഘുഭക്ഷണം കിട്ടാത്ത സ്ഥിതിയാണുള്ളത്.