സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: അരിന്പൂരിൽ മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇവരെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരോടും ജീവനക്കാരടക്കമുള്ളവരോടും ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം.
മെഡിക്കൽ ബോർഡ് വാക്കാൽ ഇതിനുള്ള നിർദ്ദേശം നൽകിക്കഴിഞ്ഞു. ഒൗദ്യോഗിക ഉത്തരവ് പിന്നീട് പുറത്തിറക്കും. അരിന്പൂർ കുന്നത്തങ്ങാടി കിഴക്കേ പരയ്ക്കാട് വടക്കേപുരയ്ക്കൽ വിശ്വംഭരന്റെ ഭാര്യ വത്സലക്കാണ്(63) മരണശേഷം കോവിഡ് സ്ഥിരീകരിച്ചത്.
ട്രൂനാറ്റ് പരിശോധനയിൽ ഇവർക്ക് കോവിഡ് നെഗറ്റീവായിരുന്നു. പിസിആർ പരിശോധനയിലാണ് ഫലം പോസിറ്റീവാണെന്ന് കണ്ടത്. തുടർന്ന് ആലപ്പുഴ വൈറോളജി ലാബിലേക്കും സ്രവം പരിശോധനക്കയച്ചിരുന്നു.
അതും പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെയാണ് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് മെഡിക്കൽ കോളജിലെ ബന്ധപ്പെട്ട ഡോക്ടർമാരോടും ജീവനക്കാരോടും ക്വാറന്റൈനിൽ പോകാൻ വാക്കാൽ നിർദ്ദേശം നൽകിയത്.
പോസ്റ്റുമോർട്ടം നടപടികളിൽ പങ്കെടുത്ത ഏഴു ഡോക്ടർമാരടക്കം പത്തോളം പേർ ക്വാറന്റൈനിൽ പോകും. അന്തിക്കാട് സ്റ്റേഷനിലെ എസ്ഐ അടക്കം മൂന്നു പോലീസുകാരും ക്വാറന്റൈനിൽ പോകും.കോവിഡ് സ്ഥിരീകരിച്ച
ഗുരുവായൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ ഡ്യൂട്ടിയെടുത്തിരുന്ന ബസിൽ മരിച്ച വത്സലയുടെ മകൾ യാത്ര ചെയ്തിരുന്നു. ഇതെത്തുടർന്ന വത്സല നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണത്തിലിരിക്കെ ശ്വാസംമുട്ടലിനെ തുടർന്നായിരുന്നു മരണം.