സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജിലും പരിസരത്തും അലഞ്ഞുതിരിഞ്ഞ് അക്രമാസക്തരാകുന്ന തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി ഫണ്ട് ലഭിക്കുന്നതനുസരിച്ച് നടത്തിക്കൊണ്ടിരിക്കും. നൂറു കണക്കിന് തെരുവുനായ്ക്കൾ ഇവിടെയുണ്ടെങ്കിലും ഇപ്പോൾ ലഭ്യമായ തുക ഉപയോഗിച്ച് ഇവയെ മുഴുവൻ വന്ധ്യംകരിക്കാൻ സാധ്യമല്ല. അതിനാൽ ഈ തുക ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന നായ്ക്കളെ വന്ധ്യംകരണം നടത്തും. ഈ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഒന്പത് നായ്ക്കളെ വന്ധ്യംകരണം നടത്തിക്കഴിഞ്ഞു.
അവണൂർ പഞ്ചായത്ത് അന്പതിനായിരം രൂപ ആദ്യഘട്ടത്തിൽ അനുവദിച്ചിട്ടുണ്ട്. ജില്ല കുടുംബശ്രീമിഷനാണ് വന്ധീകരണപ്രക്രിയ നടത്തുന്നത്. 25 നായ്ക്കളെ ഈ ഫണ്ട് ഉപയോഗിച്ച് വന്ധ്യംകരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ബാക്കിയുള്ളവയെ വന്ധീകരിക്കുന്നതിന് ഒരു ലക്ഷംരൂപ വടക്കാഞ്ചേരി നഗരസഭ കുടുംബശ്രീ മിഷന് കൈമാറുമെന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്.
ഈ തുക കിട്ടുന്ന മുറയ്ക്ക് ബാക്കിയുള്ളവയെയും വന്ധ്യംകരണത്തിന് വിധേയമാക്കും. കഴിഞ്ഞയാഴ്ച കാൻസർ രോഗികളടക്കം എട്ടുപേർക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇതെത്തുടർന്നാണ് അധികാരികൾ തെരുവുനായ വന്ധ്യംകരണ പദ്ധതി സജീവമാക്കിയത്.
നേരത്തെ തന്നെ തെരുവുനായ വന്ധ്യംകരണപദ്ധതി ഇവിടെ ആരംഭിച്ചിരുന്നുവെങ്കിലും മൃഗസ്നേഹികൾ ഇടപെട്ട് ഇതിന് തടസം സൃഷ്ടിക്കുകയായിരുന്നുവെന്ന് പറയുന്നു. തുടർന്ന് പദ്ധതി നിലച്ചെങ്കിലും ഇപ്പോൾ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ പദ്ധതി വീണ്ടും ആരംഭിക്കുകയായിരുന്നു.