മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നാല് ലിഫ്റ്റുകള്‍ കൂടി പണിമുടക്കിയത് രോഗികളെ ദുരിതത്തിലാക്കി. ഇതുമൂലം എംആര്‍ഐ സ്കാന്‍, സിടി സകാന്‍, എക്സറേ അടക്കമുള്ള പരിശോധനകള്‍ക്കുവേണ്ടി രോഗികളെയുംകൊണ്ട് ബന്ധുക്കളും ജീവനക്കാരും ആശുപത്രി മൊത്തം കറങ്ങിവരേണ്ട അവസഥയിലാണ്.
ഒപികളിലേക്കുള്ള രണ്ട് ലിഫ്റ്റുകളും മെഡിസിന് വിഭാഗത്തിലെ ഒന്നും ഐസിയുവിന് അടുത്തുളള ഒരു ലിഫ്റ്റുമാണ് പണിമുടക്കിയത്. ഇതില്‍ എംആര്‍ഐ സ്കാന്‍ സെന്ററിനടുത്തുള്ള ലിഫിറ്റിനെയാണ് രോഗികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്. സിടി സ്കാന്‍, വിവിധ ലാബ് പരിശോധനകള്‍, പ്രസവ വാര്‍ഡ് എന്നിവിടങ്ങളിലേക്ക് വരുന്നവരും പോകുന്നവരും ഇതിനെയാണ് ആശ്രയിക്കുന്നത്.
രണ്ടാഴ്ച്ചയോളമായി ഇതിലൊന്ന് കേടുവന്നിട്ട്. തൊട്ടുടുത്തുള്ള ലിഫിറ്റും ഇടയ്ക്കിടയ്ക്കു പണിമുടക്കുന്നതുമൂലം ഭയത്തോടെയാണ് പലരും ഇതില്‍ കയറുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് അറ്റുകറ്റപണികളുടെ ചുമതല. ഇവയുടെ കരാര്‍ ഏറ്റെടുത്ത കമ്പനി ഇങ്ങോട്ടേയ്ക്കു തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
കഴിഞ്ഞദിവസം ലിഫിറ്റില്‍ കുടങ്ങിയ രോഗിയെ ഡോര്‍ കമ്പിപാരയിട്ടു തകര്‍ത്താണ് പുറത്ത് എത്തിക്കാനായത്. ഹൃദ്രോഗം അടക്കമുള്ളവര്‍ ലിഫ്റ്റില്‍ കുടുങ്ങുന്നതു പ്രശ്നം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.