സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് അധികൃതർക്ക് അറിയാത്ത കാര്യമൊന്നുമല്ലെങ്കിലും ഒരു വട്ടം കൂടി ഓർമിപ്പിക്കുകയാണ് – കാൻസർ രോഗികളുടെ ചികിത്സക്കായി കൊണ്ടുവന്ന ആധുനിക ലീനിയർ ആക്സിലേറ്റർ മെഷിൻ ഇപ്പോഴും പെട്ടിക്കുള്ളിൽ തന്നെയാണ്.
പെട്ടിക്കുള്ളിൽ നിന്ന് ഇതൊന്നെടുത്ത് എന്നാണ് രോഗികൾക്ക് ഉപകാരപ്രദമാകും വിധം സ്ഥാപിക്കുകയെന്ന ചോദ്യത്തിന് ഉത്തരം ആർക്കുമില്ല. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്നത് നിരവധി കാൻസർ രോഗികളാണ്.
ഇവിടെയുള്ള കാലപ്പഴക്കം ചെന്ന റേഡിയേഷൻ യന്ത്രം കണ്ടം ചെയ്യേണ്ട കാലമായെങ്കിലും ഇപ്പോഴും ചുമച്ചും കിതച്ചും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മുൻപ് ഇരുനൂറോളം പേർക്ക് തൃശൂർ മെഡിക്കൽ കോളജിൽ റേഡിയേഷൻ ചികിത്സ നൽകിയിരുന്നുവെങ്കിൽ ഇപ്പോൾ അറുപതോളം പേർക്കേ ഇപ്പോൾ റേഡിയേഷൻ നടത്താൻ സാധിക്കുന്നുള്ളു.
ഇവിടെയെത്തുന്ന കാൻസർ രോഗികളുടെ ദുരിതവും കഷ്ടപ്പാടുകളും വേദനകളും ആർക്കും ഒരു വിഷയമേ അല്ലാത്ത സ്ഥിതിയാണ്. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നും ചികിത്സ തേടി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രികളിലെത്തുന്ന രോഗികളുടെ ദുരിതം കണ്ടറിഞ്ഞാണ് സർക്കാർ പുതിയ റേഡിയേഷൻ യന്ത്രമായ ലീനിയർ ആക്സിലേറ്റർ സ്ഥാപിക്കാൻ കോടികൾ അനുവദിച്ചത്.
ഈ യന്ത്രം സ്ഥാപിക്കുന്നതിന് നെഞ്ചുരോഗാശുപത്രി പരിസരത്ത് ആധുനിക സജ്ജീകരണങ്ങളുള്ള കെട്ടിടവും പണിതു. അല്ലറ ചില്ലറ പണികളുമായി കെട്ടിടനിർമാണം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.
അമേരിക്കയിൽ നിന്നു കൊണ്ടുവന്ന ലീനിയർ ആക്സിലേറ്റർ സ്ഥാപിക്കാൻ അമേരിക്കയിൽ നിന്നു തന്നെ സാങ്കേതിക വിദഗ്ധർ വരണമത്രെ. ആ സാങ്കേതിക തടസം ഉള്ളതിനാൽ യന്ത്രം സ്ഥാപിക്കാൻ ഇന്ത്യൻ കന്പനിയെ ഏൽപ്പിച്ചിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാത്തതു മൂലം യന്ത്രം ഇപ്പോഴും പെട്ടിക്കു പുറത്തുവന്നിട്ടില്ല.
ലോക്ഡൗണും നിയന്ത്രണങ്ങളും ഉള്ളതിനാൽ ഉദ്ഘാടനമഹാമഹം നടത്താൻ സാധിക്കില്ലെന്നതുകൊണ്ടാണ് യന്ത്രം സ്ഥാപിക്കൽ ഇഴയുന്നതെന്നും ആരോപണമുണ്ട്.