സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: ആരോഗ്യസർവകലാശാലയും മെഡിക്കൽ കോളജ് കാന്പസും വെള്ളത്തിലായി. പീച്ചിയിൽ നിന്നും കാർഷിക ആവശ്യങ്ങൾക്കായി മൂന്നുദിവസം മുൻപ് വെളളം തുറന്നുവിട്ടപ്പോൾ കനാലിലെ ഒഴുക്ക് തടസപ്പെട്ടതിനെ തുടർന്നാണ് ആരോഗ്യസർവകലാശാല കാന്പസിൽ വെള്ളക്കെട്ടുണ്ടായത്. കനാലിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കവറുകൾ, കോഴിവേസ്റ്റുകൾ നിറച്ച ചാക്കുകൾ, കുപ്പികൾ എന്നിവ മൂലമാണ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടത്.
വേനൽ കനക്കും മുന്പേ തന്നെ മെഡിക്കൽ കോളജിലെ കുടിവെള്ള സ്രോതസുകളായ കുളങ്ങളും കിണറുകളും വറ്റിക്കൊണ്ടിരിക്കുന്പോഴാണ് കാന്പസിലെ വെള്ളക്കെട്ട്. കാർഷിക ആവശ്യങ്ങൾക്കായി അവണൂർ, വെളപ്പായ, വരടിയം, കൊട്ടേക്കാട്, കുറ്റൂർ, പുഴയ്ക്കൽ ശോഭാസിറ്റി, കോലഴി എന്നിവിടങ്ങളിലേക്ക് കനാൽവഴി വേനൽകാലത്ത് തുറന്നുവിടുന്ന ഈ വെള്ളത്തിൽ നിന്നുള്ള ഉറവയാണ് മെഡിക്കൽ കോളജ് കാന്പസിലെ കുടിവെള്ള സ്രോതസുകളിൽ കിട്ടാറുള്ളത്.
പീച്ചിയിൽ നിന്നും വെള്ളം തുറന്നുവിടും മുൻപ് സാധാരണ ഇറിഗേഷൻ കനാലിലെ തടസങ്ങൾ നീക്കാറുണ്ട്. എന്നാൽ ഇതുണ്ടാവാത്തതു മൂലമാണ് ഇപ്പോൾ കാന്പസിൽ വെള്ളക്കെട്ടുണ്ടായത്. കനാലിലെ വെള്ളം തടസം മൂലം വഴിമാറി പോകുന്നുണ്ട്. ഇന്നു പുലർച്ചെ കാന്പസിൽ വെള്ളക്കെട്ട് കണ്ട് സുരക്ഷ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കാന്പസിലൂടെ കടന്നുപോകുന്ന പീച്ചി കനാലിലെ തടസം കണ്ടത്.
തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിക്ക് അടുത്തുള്ള ഷട്ടർ അടച്ച് വെള്ളം ഒഴുകുന്നതിന്റെ ദിശ മാറ്റി വിട്ടപ്പോഴാണ് ആരോഗ്യസർവകലാശാലയിലെ വെള്ളക്കെട്ടിന് ശമനമുണ്ടായത്. ഷട്ടർ അടച്ച് വെള്ളം ദിശമാറ്റിയതിൽ കർഷകർ പ്രതിഷേധമുയർത്തിയിട്ടുണ്ട്. ഈ വെള്ളത്തിനെ ആശ്രയിച്ച് കൃഷിപണി നടത്തുന്ന വെളപ്പായ, അവണൂർ, വരടിയം മേഖലകളിലുള്ള കർഷകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. എത്രയും വേഗം കനാലിലെ തടസങ്ങൾ നീക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കിയില്ലെങ്കിൽ കൃഷി നശിക്കുമെന്ന് കർഷകർ പറഞ്ഞു.