സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: പാലക്കാട് നിന്നെത്തിയ ക്യാൻസർ രോഗിയാണ്. ഏറെ നേരമായി മെഡിക്കൽ കോളജ് പുതിയ ആശുപത്രിയിൽ എക്സ് റേ എടുക്കാനായി സ്ട്രെക്ചറിൽ കിടക്കാൻ തുടങ്ങിയിട്ട്. തിരക്കോട് തിരക്കാണ് എക്സ്റേ വിഭാഗത്തിൽ. സഹികെട്ട് ആ രോഗി ചോദിക്കുന്നത് കേട്ടു – ഇവിടെ ഈ ഒരൊാറ്റ മെഷിനേ ഉള്ളൂ ആകെ….
ഇത് ഈ രോഗിയുടെ മാത്രം രോദനമല്ല. വേദനസഹിച്ച് എക്സ് റേ എടുക്കാൻ കാത്തുകിടക്കുന്ന എത്രയോ രോഗികളുടെ രോദനങ്ങളിൽ ഒന്നുമാത്രമാണ്.
നെഞ്ചുരോഗാശുപത്രിയിലെ ഏക എക്സ് റേ യന്ത്രം കേടായതോടെ ഇവിടെയുള്ള കിടപ്പുരോഗികളായ ക്യാൻസർരോഗികളെ എക്സ് റേ എടുക്കാൻ പുതിയ ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്. അവിടെ എക്സ് റേ മെഷിനുകൾ പലതും കേടായതു മൂലം ഉള്ളവയിൽ അഡ്ജസ്റ്റ് ചെയ്താണ് എടുക്കുന്നത്. അതുകൊണ്ടുതന്നെ തിക്കുംതിരക്കുമേറെയാണ്. നെഞ്ചുരോഗാശുപത്രിയിൽ കിടക്കുന്ന അന്പതോളം രോഗികൾക്കാണ് എക്സ് റേ എടുക്കാറുള്ളത്. ഇത് കേടായത് ശനിയാഴ്ചയാണ്.
തുടർന്നാണ് കിടപ്പുരോഗികളെ ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജിലെ പുതിയ ആശുപത്രിയിലേക്ക് എക്സ് റേ എടുക്കാൻ കൊണ്ടുപോകുന്നത്. അവശരായി വേദനിച്ച് കിടക്കുന്നവരെ ആംബുലൻസിൽ കയറ്റി കൊണ്ടുപോയി എക്സ് റേ എടുപ്പിക്കുകയെന്നത് രോഗികൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മൂന്ന് എക്സ് റേ യൂണിറ്റുകൾ പുതിയ ആശുപത്രിയിലുണ്ടെങ്കിലും തിരക്കേറെയായതിനാൽ കുറേ നേരം കാത്തുകിടക്കേണ്ടി വരും.
പൊട്ടിവീണ എക്സ് റേ യൂണിറ്റ് നന്നാക്കിയിട്ടുണ്ട്. പോർട്ടബിൾ മെഷിൻ രണ്ടെണ്ണവും പ്രവർത്തിക്കുന്നുണ്ട്. ഈ മൂന്നെണ്ണം ഉപയോഗിച്ചാണ് എക്സ് റേകൾ എടുക്കുന്നത്.ഡിജിറ്റൽ എക്സ് റേ മെഷിൻ കേടായത് നന്നാക്കാനുള്ള പണികൾ ആരംഭിച്ചിട്ടുണ്ട്. നെഞ്ചുരോഗാശുപത്രിയിലെ എക്സ് റേ മെഷിൻ അടിയന്തിരമായി നന്നാക്കി ക്യാൻസർ രോഗികളുടെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.