മുളംകുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളേജിനോടുള്ള എൽഡിഎഫ് സർക്കാരിന്റെ അവഗണനയ്ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആരംഭിക്കുന്ന പ്രക്ഷോഭത്തിന് മുന്നോടിയായി മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പു ശേഖരണം തുടങ്ങി. ബെന്നി ബഹന്നാൻ എംപി ഒപ്പു ശേഖരണം ഉദ്ഘാടനം ചെയ്തു.
രമ്യഹരിദാസ് എംപി, അനിൽ അക്കര എംഎൽഎ, ഡിസിസി വൈസ് പ്രസിഡന്റും മെഡിക്കൽ കോളജ് ഉപസമിതി ചെയർമാനുമായ രാജേന്ദ്രൻ അരങ്ങത്ത്, മുൻ എംഎൽഎ പി.എ.മാധവൻ, മുൻ ഡിസിസി പ്രസിഡന്റ് ഒ.അബ്ദുറഹ്മാൻകുട്ടി, ജനറൽ കണ്‍വീനർ കെ. അജിത്കുമാർ, ജോയിന്റ് കണ്‍വീനർമാരായ ജിജോ കുര്യൻ, ജിമ്മി ചൂണ്ടൽ തുടങ്ങിയവർ പങ്കെടുത്തു.
യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ തുടങ്ങി വെച്ച പദ്ധതികളുടെ പൂർത്തീകരണമല്ലാതെ വേറൊരു പദ്ധതിയും തുടങ്ങാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ആശുപത്രി വികസന സമിതി യോഗം ചേരാറില്ലെന്നും ആവശ്യത്തിന ഡോക്ടർമാരും ജീവനക്കാരുമില്ലാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുകയാണെന്നും കാൻസർ ചികിത്സക്കുള്ള ലീനിയർ ആക്സിലറേറ്റർ മെഷിൻ സ്ഥാപിച്ചിട്ടില്ലെന്നും ഫണ്ട് അനുവദിച്ചിട്ടും കെട്ടിടം പണിയാതിരിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.
കൃത്രിമ അവയവകേന്ദ്രവും ട്രോമോ കെയർ സെന്ററും പ്രവർത്തനം തുടങ്ങിയിട്ടില്ലെന്നും നിരവധി തവണ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക്നിവേദനം നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് ഭീമ ഹർജി നൽകൻ തീരുമാനിച്ചതെന്നും നേതാക്കൾ പറഞ്ഞു. ജില്ലയിലെ യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിലായിരിക്കും മുഖ്യമന്ത്രിക്ക് ഭീമഹർജി സമർപ്പിക്കുക.