സ്വന്തം ലേഖകൻ
തൃശൂർ: ഒരുകാലത്തു തൃശൂർ നഗരത്തിലെ സർക്കാർ സ്കൂളുകളിൽ തലയെടുപ്പോടെ നിന്നിരുന്ന തൃശൂർ ഗവ. മോഡൽ ബോ യ്സ് സ്കൂളിൽ വിദ്യാർഥികൾ ഇല്ലാതാകുന്നു.
രണ്ടായിരത്തോളം വിദ്യാർഥികൾ പഠിച്ചിരുന്ന മോഡൽ ബോയ്സിൽ ഇപ്പോൾ ആകെയുള്ളത് അറുപതിൽതാഴെ വിദ്യാർഥികൾമാത്രം.
അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ള ആറു ക്ലാസുകളിൽ ആകെ 57 വിദ്യാർഥികളാണുള്ളത്. ഓരോ ഡിവിഷനാണ് ഓരോ ക്ലാസിനുമുള്ളത്.
അഞ്ചാം ക്ലാസിൽ ഏഴ്, ആറാം ക്ലാസിൽ അഞ്ച്, ഏഴാം ക്ലാസിൽ ആറ്, എട്ടിൽ 11, ഒന്പതാം ക്ലാസിൽ 12, പത്താം ക്ലാസിൽ 16 എന്നിങ്ങനെയാണ് വിദ്യാർഥികളുടെ എണ്ണം.
ഇരുനൂറു വർഷത്തിനടുത്തു പാരന്പര്യമുള്ള തൃശൂർ മോഡൽ ബോയ്സ് സ്കൂൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിദ്യാർഥികളുടെ കുറവ് നേരിടുന്നുണ്ട്.
ഓരോ ഡിവിഷൻ മാത്രമുള്ളതിനാലും അതിൽ മൂന്നോ നാലോ കുട്ടികളുള്ളതിനാലും ഡിവിഷൻ നഷ്ടപ്പെടാതെ രക്ഷപ്പെട്ടുപോവുകയാണ്.
180 വർഷത്തിലധികം പഴക്കമുള്ള തൃശൂർ മോഡൽ ബോയ്സ് ഹൈസ്കൂളിൽനിന്ന് പഠിച്ചിറങ്ങി സമൂഹത്തിന്റെ വിവിധ ഉന്നതതലങ്ങളിലും പദവികളിലുമെത്തിയവർ നിരവധിയാണ്.
എന്നാൽ, പലരും സ്കൂളിന്റെ ഇന്നത്തെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഇതുവരെയും അറിഞ്ഞിട്ടില്ല.ഇത്രകാലമായിട്ടും മോഡൽ ബോയ്സ് സ്കൂളിനു സ്വന്തമായി ഒരു സ്കൂൾ ബസോ വാനോ ഇല്ല.
സ്കൂളിലേക്കു കുട്ടികളെ അയയ്ക്കാൻ വാഹന സൗകര്യമുണ്ടോ എന്നു രക്ഷിതാക്കൾ ചോദിക്കുന്പോൾ നിസഹായരായി നിൽക്കാനേ ഇവിടത്തെ അധ്യാപകർക്കു കഴിയുന്നുള്ളൂ.
എംപി ഫണ്ടോ എംഎൽഎ ഫണ്ടോ ഉപയോഗിച്ച് ഒരു സ്കൂൾ ബസ് മോഡൽ ബോയ്സിനു ലഭ്യമാക്കുകയാണെങ്കിൽ കുറച്ചുകൂടി കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കാനാകുമെന്നു ചൂണ്ടിക്കാട്ടുന്നു.
മികച്ച കെട്ടിട സൗകര്യങ്ങളും ക്ലാസ് മുറികളും ആവശ്യത്തിനു ഫർണീച്ചറുകളുമുള്ള മോഡൽ ബോയ്സ് സ്കൂൾ തൃശൂർ നഗരത്തിന്റെ ഹൃദയഭാഗത്താണെങ്കിലും കുട്ടികളില്ലാത്തതു മൂലം ബുദ്ധിമുട്ടുകൾ ഏറെയാണ്.
അഞ്ചു മുതൽ പത്തുവരെയുള്ള ഓരോ ക്ലാസിലേക്കും സർക്കാർ അനുപാത പ്രകാരം ഓരോ ക്ലാസ് ടീച്ചർമാർ വീതമുണ്ട്. കൂടാതെ ഹിന്ദിക്കും മലയാളത്തിനും ഓരോ അധ്യാപകരടക്കം ആകെ എട്ട് അധ്യാപകരാണ് മോഡൽ ബോയ്സിലുള്ളത്.
ഹൈസ്കൂൾ ക്ലാസുകളിൽ കോർ സബ്ജക്ടുകൾ കൈകാര്യം ചെയ്യാൻ സർക്കാർ നിഷ്കർഷിക്കുന്ന എണ്ണം അധ്യാപകരില്ലാത്തതിനാലും കോർ സബ്ജക്ടുകളിൽ ബിഎഡ് യോഗ്യതയുള്ള അധ്യാപകരില്ലാത്തതിനാലും ഉള്ള അധ്യാപകരെ വച്ച് അഡ്ജസ്റ്റ് ചെയ്യേണ്ട അവസ്ഥയും ഇവിടെയുണ്ട്.
എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കു സ്കൂളിൽനിന്ന് ഉച്ചഭക്ഷണം നൽകുന്നുണ്ട്. ഒരു കുട്ടിക്ക് എട്ടുരൂപയാണ് ഉച്ച ഭക്ഷണത്തിനായി സർക്കാർ നൽകുന്നത്.
അഞ്ചു മുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ ആകെയുള്ള 29 കുട്ടികൾക്ക് എട്ടുരൂപ വച്ച് 232 രൂപയാണ് ആകെ ലഭിക്കുക. 29ൽ ചില കുട്ടികൾ ഉച്ചഭക്ഷണം വേണ്ടെന്നുവച്ചിട്ടുള്ളവരാണ്.
ഇത്രയും കുറഞ്ഞ തുക കൊണ്ട് കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും, സ്കൂളിലെ അവസ്ഥകൾ അറിയുന്ന സുമനസുകളുടെ സഹായംകൊണ്ട് മുടക്കമില്ലാതെ ഭക്ഷണം നല്ലരീതിയിൽതന്നെ നൽകാൻ സാധിക്കുന്നുണ്ട്.
വരുന്ന അധ്യയനവർഷമെങ്കിലും സ്കൂളിലേക്കു കൂടുതൽ കുട്ടികളെ എത്തിക്കാൻ എന്തെല്ലാം ചെയ്യണമെന്ന കാര്യങ്ങൾ സ്കൂൾ അധികൃതർ ആസൂത്രണം ചെയ്തുവരികയാണ്.