സ്വന്തം ലേഖകൻ
തൃശൂർ: മനുഷ്യസ്പർശമേൽക്കാത്ത വനാന്തരം പോലെയാണ് ഇപ്പോൾ തൃശൂർ മൃഗശാല. തങ്ങളെ കാണാൻ ആരുമെത്താതെ ദിവസങ്ങൾ പിന്നിടുന്പോൾ സ്വച്ഛന്ദമായി വിഹരിക്കുകയാണ് മൃഗശാലയിലെ പക്ഷിമൃഗാദികൾ. ലോക്ക് ഡൗണിനെ തുടർന്ന് മൃഗശാല അടച്ചിട്ടതോടെ ജീവനക്കാർ മാത്രമേ ഇവിടെ എത്തുന്നുള്ളു.
സാധാരണയായി വെക്കേഷൻ സമയത്ത് വൻ തിരക്കാണ് കേരളത്തിലെ രണ്ടു മൃഗശാലകളിലൊന്നായ തൃശൂർ മൃഗശാല കാണാൻ അനുഭവപ്പെടാറുള്ളത്. ഇക്കുറി അതുണ്ടായില്ല.
അലസമായി മേഞ്ഞു നടക്കുന്ന മാൻകൂട്ടങ്ങൾ, വെള്ളത്തിൽ നിന്നും കയറാതെ സദാ അതിൽ മുങ്ങിക്കിടക്കുന്ന ടുട്ടുവെന്ന ഹിപ്പോയും കൂട്ടരും, കൂടിനകത്ത് ശാന്തനായി ഗാംഭീര്യത്തോടെ കിടക്കുന്ന ബംഗാൾ കടുവ ഋഷി, മിഥുൻ എന്ന കാളക്കൂറ്റൻ പതിവിലേറെ തടിച്ചിരിക്കുന്നു.
സിംഹക്കൂട്ടിലും ശൗര്യം വിടാത്ത വനരാജന്റെ കിടപ്പ്, സന്ദർശകരിൽ നിന്നും കടലയും പോപ് കോണും കിട്ടാതെ കൂട്ടിനകത്ത് കറങ്ങിനടക്കുന്ന വാനരപ്പട….അങ്ങിനെയൊക്കെയാണ് മൃഗശാലയിലെ കാഴ്ചകൾ.
കോവിഡും ലോക്ക് ഡൗണുമൊന്നും ഇവരറിയുന്നില്ല. പതിവ് ആൾക്കൂട്ടങ്ങളെ കാണുന്നില്ലെന്ന് മാത്രം. ലോക്ക് ഡൗണാണെങ്കിലും സന്ദർശകരില്ലെങ്കിലും കനത്ത സുരക്ഷ സംവിധാനങ്ങളാണ് മൃഗശാലയിലൊരുക്കിയിരിക്കുന്നത്.
മൃഗശാലയിലെ പരിചാരകരെല്ലാം കൈകാലുകൾ ശുചിയാക്കിയ ശേഷം മാത്രമാണ് അകത്തേക്ക് പ്രവേശിക്കുന്നത്. കോവിഡ് മൃഗങ്ങളിലേക്ക് ഇതുവരെ പകർന്നിട്ടില്ലെങ്കിലും കോവിഡ് ബാധിക്കാൻ സാധ്യതയേറെയുള്ള മൃഗങ്ങളുടേയും പക്ഷികളുടേയും കൂടുകൾ ആഴ്ചയിലൊരിക്കൽ അണുവിമുക്തമാക്കി ശുചിയാക്കുന്നുണ്ട്.
പക്ഷിമൃഗാദികൾക്ക് പഴങ്ങളും പച്ചക്കറികളും പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ കഴുകിയതിന് ശേഷം മാത്രമേ നൽകുന്നുള്ളു. കോവിഡ് ഭീതിയും ലോക്ഡൗണുമൊക്കെ കഴിഞ്ഞ് മൃഗശാല എന്നാണ് തുറക്കുകയെന്ന് വ്യക്തമല്ലെങ്കിലും ഈ കവാടങ്ങൾ വീണ്ടും തുറക്കുന്നത് കാത്തിരിക്കുകയാണ് സന്ദർശകർ.