തൃശൂർ: ഇന്നാണ് ആശങ്ക ഞായർ. മഹാപ്രളയത്തിനുശേഷം വീണ്ടും തീവ്രമഴയെത്തുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ പ്രവചനവും യെല്ലോ അലെർട്ടും എല്ലാം ചേർന്ന് ഇന്നത്തെ ഞായറിനെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ആദ്യം റെഡ് അലെർട്ടും പിന്നീട് യെല്ലോ അലെർട്ടും പ്രഖ്യാപിക്കപ്പെട്ട തൃശൂരിൽ കനത്ത മഴ ഇപ്പോൾ അനുഭവപ്പെടുന്നില്ലെങ്കിലും ജനങ്ങൾക്ക് ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല.
കഴിഞ്ഞുപോയ മഹാപ്രളയത്തിലും അവസ്ഥ ഇതുതന്നെയായിരുന്നുവെന്നും മറ്റെല്ലായിടത്തേയും മഴ കഴിഞ്ഞപ്പോഴാണ് തൃശൂരിൽ മഴ കനത്തതും സംസ്ഥാനത്തെ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച ജില്ലകളിലൊന്നായി തൃശൂർ മാറിയതും. കഴിഞ്ഞ ദിവസം ചാലക്കുടിയിൽ വീശിയടിച്ച ചുഴലിക്കാറ്റും തൃശൂർ നഗരത്തിലടക്കം പെയ്ത കനത്ത മഴയും ആശങ്കകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ജാഗ്രതാ നിർദേശങ്ങൾ നൽകുന്നതോടൊപ്പം എല്ലാം നേരിടാൻ സജ്ജമാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മുൻകരുതലുകൾ എല്ലായിടത്തും കൈക്കൊണ്ടിട്ടുണ്ട്. ജില്ലയിലെ ഡാമുകൾ മിക്കതും തുറന്നിട്ടുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ ജനങ്ങൾക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ആശങ്കയുടെ ആവശ്യമില്ലെന്ന് അധികൃതർ ആവർത്തിക്കുന്നു ണ്ടെങ്കിലും ജനങ്ങൾക്ക് ഭയമുണ്ട്. ന്യൂനമർദമെന്ന് പറയുന്നുണ്ടെങ്കിലും തുലാമഴയ്ക്ക് മുൻപ് ഇതുപോലെ മഴ പെയ്യാറുണ്ടെ ന്ന് പ്രായമായവർ പറയുന്നു. ശക്തമായ മിന്നലും ഇടിവെട്ടുമാണ് ജില്ലയിൽ
അനുഭവപ്പെടുന്നത്.