തൃശൂർ: സിനിമയുടെ ക്ലൈമാക്സിലെ അപ്രതീക്ഷിത ട്വിസ്റ്റ് പോലെയാണ് തൃശൂർ ലോക്സഭ മണ്ഡലത്തിലേക്ക് കോൺഗ്രസ് സ്ഥാനാർഥിയായി കെ. മുരളീധരൻ എത്തുന്നത്. ലീഡർ കെ. കരുണാകരന്റെ മകൻ തൃശൂരിലേക്ക് പോരാട്ടത്തിനെത്തുന്നു എന്ന പുതിയ തീരുമാനം തൃശൂരിലെ കോൺഗ്രസ് ക്യാമ്പിൽ ആവേശം ഉണർത്തിയിട്ടുണ്ട്.
സിറ്റിംഗ് എംപി ടി.എൻ. പ്രതാപൻ തന്നെയാകും തൃശൂരിൽ ഇക്കുറിയും മത്സരിക്കുക എന്ന് ഉറപ്പായിരുന്നുവെങ്കിലും തൃശൂരിൽ പ്രതാപന് ജയ സാധ്യത കുറവായിരുന്നു എന്നാണ് കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യത വിലയിരുത്തിയ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ സുനിൽ കനഗോലുവിന്റെ റിപ്പോർട്ട്.
പ്രതാപന്റെ ജനസമ്മതി തൃശൂരിൽ കുറഞ്ഞു എന്നായിരുന്നു ഈ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. പ്രതാപനു പകരം മറ്റാരെയെങ്കിലും മത്സരിപ്പിക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശയുണ്ടായിരുന്നെങ്കിലും പ്രതാപൻതന്നെ മത്സരിക്കട്ടെ എന്ന നിലപാടിൽ ആയിരുന്നു നേതൃത്വം. എന്നാൽ അതിനിടെയാണ് പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതും കാര്യങ്ങൾ മാറിമറിഞ്ഞതും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്നും മാറുന്ന പ്രതാപന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാം എന്ന ധാരണയാണ് ഉണ്ടായിട്ടുള്ളത് എന്നറിയുന്നു. അങ്ങനെയെങ്കിൽ മണലൂർ സീറ്റിൽ മത്സരിക്കാനാണ് പ്രതാപൻ താൽപര്യം പ്രകടിപ്പിക്കുക എന്നാണ് സൂചന.
നേരത്തെ വടക്കാഞ്ചേരിയിൽ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മുരളി ജനവിധി തേടിയിരുന്നെങ്കിലും പരാജയം ആയിരുന്നു ഫലം. കരുണാകരന്റെ തട്ടകം എന്നറിയപ്പെടുന്ന തൃശൂരിൽ ലോക്സഭ സിറ്റിംഗ് സീറ്റ് നിലനിർത്താൻ മുരളിയെത്തുന്നതോടെ തൃശൂരിലെ രാഷ്ട്രീയ ചിത്രങ്ങൾ മാറിമറിയും എന്നാണ് കരുതപ്പെടുന്നത്.