തൃശൂർ: അമൃതം പദ്ധതിയുടെ ഭാഗമായി പൈപ്പു സ്ഥാപിക്കാൻ തൃശൂർ കോർപറേഷൻ വെട്ടിപ്പൊളിച്ച റോഡുകൾ അടിയന്തരമായി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.ഒരു കൊല്ലമായി വെട്ടിപ്പൊളിച്ച റോഡുകൾ ടാർ ചെയ്യാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്ന് ആരോപിച്ച് തൃശൂർ ജില്ലാ കോണ്ഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്താണ് ഹർജി ഫയൽ ചെയ്തത്.
തൃശൂർ കോർപറേഷനോടും കേരള സർക്കാരിനോടും പത്താം തീയതിക്കകം വിശദീകരണം ബോധിപ്പിക്കണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂർ നഗരത്തിലെ തിരക്കേറിയ മിക്ക റോഡുകളും വാഹന ഗതാഗതത്തിനും, കാൽനടയാത്രക്കാർക്കും സഞ്ചരിക്കാനും പറ്റാത്ത വിധത്തിൽ തകർന്നുകിടക്കുകയാണ്. റോഡുകൾ അടിയന്തരമായി ടാർ ചെയ്യണമെന്നാണ് ആവശ്യം.
റോഡുകൾ അടിയന്തരമായി ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് കോർപറേഷനിൽ നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ, ഒരു നടപടികളും സ്വീകരിച്ചില്ല. അമൃതം പദ്ധതിയുടെ ഭാഗമായി റോഡിന്റെ പണി നടത്തുന്നതിനു മുന്പേ, റോഡുകൾ ടാറിടുന്നതിനുള്ള പണം മരാമത്തുവകുപ്പിൽ കെട്ടിവച്ചിട്ടുണ്ടെന്നു വാട്ടർ അഥോറിറ്റി വിവരാവകാശ രേഖയിൽ മറുപടി നല്കിയിട്ടുണ്ട്.
കോർപറേഷനിലെ റോഡുകൾ പണിയുന്നതിന്റെ പൂർണ ഉത്തരവാദിത്വവുംം തൃശൂർ കോർപറേഷനാണെന്നും വാട്ടർ അഥോറിറ്റി അറിയിച്ചിട്ടുണ്ട്. എന്നാൽ കോർപറേഷൻ റോഡുകൾ നന്നാക്കിയില്ലെന്നു മാത്രമല്ല, മരാമത്തു വകുപ്പിന്റെ റോഡുകൾ നന്നാക്കാൻ ആ വകുപ്പിന്റെ മേധാവികളോട് ആവശ്യപ്പെടുകയും ചെയ്തിട്ടില്ല.