സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് കാലത്തു തൃശൂർ ജില്ലയിൽ പോലീസ് പിഴയായി പിരിച്ചെടുത്തത് ഏഴേകാൽ കോടിയിലധികം രൂപ. തൃശൂർ സിറ്റി പോലീസും റൂറൽ പോലീസും ചേർന്നാണ് 7,27,91,500 രൂപ പിഴയായി ആളുകളിൽനിന്നും ഈടാക്കിയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു പറഞ്ഞാണ് 500 മുതൽ 20,000 രൂപവരെ വ്യാപാരികളിൽനിന്നടക്കം പിഴയീടാക്കിയത്.
പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തിയാണ് പിഴ ഈടാക്കിയതെന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കി. കഴിഞ്ഞവർഷം മാർച്ച് 25 മുതൽ ഈ വർഷം ജൂലൈ 31 വരെ പിരിച്ചെടുത്ത കണക്കാണിത്.
നിയന്ത്രണങ്ങൾ ലംഘിച്ച് വാഹനങ്ങൾ പുറത്തിറക്കിയതിനും, മാസ്ക് ധരിക്കാതിരുന്നതിനും, അനാവശ്യമായി ഒത്തുചേർന്നതിനും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനും, കടകൾ സമയത്തിന് അടയ്ക്കാതിരുന്നതിനുമൊക്കെയാണ് പിഴ.
പിഴസംഖ്യ നൽകിയവരിൽ പലരും ചെറുകിട വ്യാപാരികളും നിത്യവൃത്തിക്കു വകയില്ലാത്തവരുമാണെന്നതാണ് ദയനീയം. രഹസ്യമായി ക്വോട്ട നിശ്ചയിച്ചിട്ടുള്ളതിനാൽ ഇല്ലാത്ത കാരണങ്ങൾ പറഞ്ഞും പോലീസ് പിഴയീടാക്കിയിരുന്നതായി ആരോപണമുയർന്നിരുന്നു.
തൃശൂർ സിറ്റിയിൽ 5,46,13,00 രൂപയും റൂറൽ പോലീസ് 1,81,78, 000 രൂപയുമാണ് പിരിച്ചെടുത്തത്. പിഴയീടാക്കൽ ഇപ്പോഴും തുടരുന്നുണ്ട്.
ക്വോട്ട നിശ്ചയിച്ചിട്ടില്ലെന്ന് പോലീസ് അധികൃതർ പറയുന്നുണ്ടെങ്കിലും സർക്കാർ ഖജനാവിൽ പണമില്ലാത്തതിനാൽ ജനങ്ങളെ പിഴിയാൻതന്നെയാണ് പോലീസിനുള്ള രഹസ്യ നിർദേശമെന്നു പറയുന്നു.