തൃശൂർ: രാമവർമപുരം കേരള പോലീസ് അക്കാഡമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അക്കാഡമിയിലെ ഓഫീസർ കമാൻഡന്റ് പ്രേമനെ ആണ് അക്കാഡമി ഡയറക്ടർ എഡിജിപി പി. വിജയൻ സസ്പെൻഡ് ചെയ്തത്. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രേമനെതിരെയുള്ള ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതി കൈമാറിയതനുസരിച്ച് വിയ്യൂർ പോലീസ് ഓഫീസർ കമാൻഡന്റിനെതിരേ കേസും രജിസ്റ്റർ ചെയ്തു. സംഭവം കേട്ട ഉടനെതന്നെ പ്രാഥമികാന്വേഷണം തുടങ്ങുകയും പരാതിക്കാരിയിൽനിന്നു രേഖാമൂലം പരാതി വാങ്ങുകയും ചെയ്ത് അതിവേഗത്തിലാണ് നടപടികളിലേക്ക് കടന്നത്.
ഈ മാസം 18നും 22നുമാണ് ഉദ്യോഗസ്ഥനിൽനിന്നും അതിക്രമം നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. ഉദ്യോഗസ്ഥനെതിരേ കടുത്ത നടപടി വേണമെന്നും അക്കാഡമിയിൽ തുടരാനാകില്ലെന്നും മാനസികമായി ഏറെ പ്രയാസത്തിലാണെന്നും ഉദ്യോഗസ്ഥ ഡയറക്ടറെ നേരിട്ട് പരാതിയായി അറിയിച്ചിരുന്നു.
പരാതി വന്നതിന് പിന്നാലെ ചുമതലകളിൽനിന്നു നീക്കി നിർത്തിയ ഉദ്യോഗസ്ഥനെതിരെയുള്ള നടപടികളിലേക്ക് കടക്കാൻ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനായി കടക്കുകയായിരുന്നു. ഇതിനായി രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നായിരുന്നു ആഭ്യന്തര പരാതി പരിഹാര സമിതിയോട് നിർദേശിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് നൽകിയത്.
പരാതിയിൽ വസ്തുതയുണ്ടെന്ന് ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തി. പോലീസ് അന്വേഷണത്തിന് സമിതി ശുപാർശയും ചെയ്തിരുന്നു. ഇതാണ് പോലീസ് കേസെടുത്തത്. തുടർന്നുള്ള വകുപ്പ്തല നടപടിയും പിന്നാലെയുണ്ടാവും.