സ്വന്തം ലേഖകൻ
തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരത്തിന് ഇനി മൂന്നുമാസം മാത്രം. കോവിഡ് കൊണ്ടുപോയ കഴിഞ്ഞ തവണത്തെ തൃശൂർ പൂരത്തിന്റെ അവസ്ഥ തന്നെയായിരിക്കുമോ ഇത്തവണയും എന്ന ചോദ്യമാണ് പൂരപ്രേമികൾ ഉന്നയിക്കുന്നത്.
ആനക്കാര്യത്തിലും വെടിക്കെട്ടിലുമടക്കം സർവത്ര അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ഇപ്പോൾ തൃശൂരിലടക്കം നടക്കുന്ന ചെറിയ ഉത്സവപൂരങ്ങൾക്കു പോലും കടുത്ത നിയന്ത്രണമാണുള്ളത്. ചടങ്ങ് മാത്രമായാണ് മിക്കയിടത്തും ഉത്സവപൂരാഘോഷങ്ങൾ നടക്കുന്നത്.
ഇതേ സ്ഥിതി തന്നെയായിരിക്കുമോ തൃശൂർ പൂരത്തിനും ഉണ്ടാവുകയെന്ന ആശങ്ക പരക്കെയുണ്ട്. ഇതുവരെയും പൂരത്തിന്റെ കാര്യങ്ങളിലേക്ക് ബന്ധപ്പെട്ട അധികൃതർ കടന്നിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുക എളുപ്പമായിരിക്കില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തൃശൂർ പൂരം ഇത്തവണയും ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്തേണ്ടി വരുമോ എന്നാണ് പൂരപ്രേമികളുടെ ആശങ്ക.ഇപ്പോൾ പല ക്ഷേത്രോത്സവങ്ങളിലും ഒന്നോ മൂന്നോ ആനകൾക്ക് മാത്രമാണ് എഴുന്നള്ളിപ്പുകൾക്ക് അനുമതി നൽകുന്നത്.
വെടിക്കെട്ട് പല പ്രമുഖ പൂരങ്ങളിൽ നിന്നും നേരത്തെ തന്നെ ഒഴിവാക്കപ്പെട്ടിരുന്നു. ഇപ്പോഴും വെടിക്കെട്ട് നിരോധനം തുടരുന്ന സ്ഥിതിയാണ്.നിയമസഭ തെരഞ്ഞെടുപ്പും പൂരക്കാലവും ഏതാണ് അടുത്തടുത്തു വരുമെന്നാണ് ഇപ്പോഴത്തെ സൂചന. തൃശൂർ പൂരത്തിന്റെ ഒരുക്കങ്ങൾ ആരംഭിക്കേണ്ട സമയവുമായി.
മൂന്നു മാസം മുൻപെങ്കിലും ഒരുക്കങ്ങൾ തുടങ്ങിയാലേ പൂരം നടത്താനാകൂ.ആനയെഴുന്നള്ളിപ്പുകൾ, വെടിക്കെട്ട് എന്നിവയിൽ കടുത്ത നിയന്ത്രണം നിലനിർത്തി തൃശൂർ പൂരം നടത്തുകയെന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.
കഴിഞ്ഞ ഒരു വർഷത്തോളമായി തൊഴിലില്ലാതിരിക്കുന്ന പൂരം ഉത്സവങ്ങളുമായി ബന്ധപ്പെട്ടവരും ഉത്സവപൂരാഘോഷങ്ങൾ പഴയ രീതിയിൽ നടത്തണമെന്ന് ആവശ്യമുന്നയിക്കുന്നുണ്ട്.എന്നാൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഇപ്പോഴും പല ജില്ലകളിലും ഗണ്യമായി കുറയാത്തതിനാൽ സർക്കാർ ഇതിന് പച്ചക്കൊടി കാണിച്ചിട്ടില്ല.
ആൾക്കൂട്ട നിയന്ത്രണം സാധ്യമല്ലെന്ന കാരണമാണ് ഉത്സവപൂരാഘോഷങ്ങൾ പഴയ പോലെ നടത്താനുള്ള തടസമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇത്തവണത്തെ തൃശൂർ പൂരം ഒരാനപ്പുറത്തോ മൂന്നാനപ്പുറത്തോ നടത്തേണ്ടി വരുമോ എന്ന ചോദ്യമാണ് ഉത്തരമില്ലാതെ നിൽക്കുന്നത്. ഏപ്രിൽ 23നാണ് തൃശൂർ പൂരം.