സ്വന്തം ലേഖകൻ
തൃശൂർ: ആഘോഷങ്ങൾക്ക് ആൾക്കൂട്ടങ്ങൾ പാടില്ലെന്ന കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് തൃശൂർ പൂരത്തിനെ ബാധിക്കുമോ എന്ന ആശങ്ക.
പല സംസ്ഥാനങ്ങളിലും കോവിഡ് വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ആഘോഷങ്ങൾക്ക് കർശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ആഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ പാടില്ലെന്ന ഉത്തരവ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പുറത്തുവിട്ടിരുന്നു. സെക്രട്ടറിമാർക്കും ജില്ലാ ഭരണകൂടങ്ങൾക്കും ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്.
അടുത്ത മാസം 23ന് തൃശൂർ പൂരം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു വരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ ഈ ഉത്തരവ് വന്നിരിക്കുന്നത്.
എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് തൃശൂരിന് ബാധകമല്ലെന്നാണ് പൂരം നടത്തിപ്പുകാർ പറയുന്നത്. എങ്കിലും കേന്ദ്ര സർക്കാർ തീരുമാനം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകും എന്ന സൂചനയും അധികൃതർ നൽകുന്നുണ്ട്.
ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന തൃശൂർ പൂരത്തിൽ ആൾക്കൂട്ട നിയന്ത്രണം തന്നെയാണ് പോലീസിനും ജില്ലാ ഭരണകൂടത്തിനും തലവേദന ആയിരിക്കുന്നത്. പൂരം എക്സിബിഷൻ അടക്കമുള്ള എല്ലാ ചടങ്ങുകളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
പ്രത്യേക പരിഗണന തൃശൂർപൂരത്തിന് നൽകിയ ഇളവുകൾ അനുവദിക്കുമെന്നാണ് ഇപ്പോൾ കരുതുന്നത്. അതുകൊണ്ടുതന്നെ ആശങ്ക വേണ്ടെന്നും എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിച്ചാണ് പൂരം നടത്തുകയെന്നും സംഘാടകർ പറയുന്നു.