സ്വന്തം ലേഖകൻ
തൃശൂർ: വർണങ്ങൾക്കും നാദങ്ങൾക്കും പൂരക്കാറ്റു പിടിച്ചുകഴിഞ്ഞു. ആനച്ചന്തവും വാദ്യമേളങ്ങളും തേക്കിൻകാട്ടിലേക്ക് മന്ദമാരുതനെപ്പോലെ പലയിടത്തുനിന്നായി വീശിയെത്തിത്തുടങ്ങി. ഇനി ഇന്നും നാളെയും കഴിഞ്ഞ് മറ്റന്നാൾ ഉച്ചതിരിയും വരെ തേക്കിൻകാട്ടിലും ഈ നഗരത്തിലും ഈ പൂരക്കാറ്റ് വീശിയടിച്ചുകൊണ്ടേയിരിക്കും.
ഈ കാറ്റേൽക്കാൻ, പൂരക്കാറ്റിലലിയാൻ നഗരഗ്രാമാന്തരങ്ങൾ താണ്ടി, ഏഴുകടൽ കടന്ന്, നാടും നഗരവും ചുറ്റി ജനലക്ഷങ്ങൾ ശിവപുരിയിലേക്കെത്തിക്കഴിഞ്ഞു. ഇനി പൂരക്കാറ്റ് മാത്രം. വർണങ്ങൾ ചാലിച്ച്, നാദങ്ങൾ ലയിപ്പിച്ച്, ആനച്ചൂടും ആനച്ചൂരും ഒന്നിച്ച കരിവീരച്ചന്തം പടർന്ന, പൂരാവേശം മാത്രം നിറഞ്ഞ പൂരക്കാറ്റ്. അതിങ്ങനെ വീശിക്കൊണ്ടിരിക്കുകയാണ്….
തിരുവന്പാടിയിൽ, പാറമേക്കാവിൽ, എട്ടു ഘടകപൂരങ്ങളിൽ.. തലയുയർത്തി നിൽക്കുന്ന പന്തൽ ഗോപുരമേടകളിൽ..
തൃശൂർക്കാരുടെ ഒരു കാത്തിരിപ്പുകൂടി നാളെ കുട ചൂടുകയാണ്. നാളെയാണ് തൃശൂർ പൂരം. പൂരങ്ങളുടെ പൂരമെന്ന് പുകഴ്പെറ്റ തൃശൂർ പൂരം. എത്ര വാക്കുകൾ കൊണ്ട് വിശേഷിപ്പിച്ചാലും അധികമാകാത്ത പൂരം. കണ്നിറയെ കാണാനും കാതുനിറയെ കേൾക്കാനും മനം നിറയെ സൂക്ഷിച്ചെടുത്തു വയ്ക്കാനും ഇനി പൂരവിശേഷങ്ങൾ മാത്രം.
പൂരത്തിന്റെ എല്ലാ ഒരുക്കങ്ങളും എല്ലായിടത്തും പൂർത്തിയായിക്കഴിഞ്ഞു. ഇന്നലെ സാന്പിൾ വെടിക്കെട്ട് കണ്ട ആവേശത്തിൽ ഇന്നു പൂരപ്രേമികൾ ചമയപ്രദർശനം കണ്ട് നഗരം ചുറ്റി മൂന്നു പന്തലുകൾ കണ്ട് പന്തലുകൾക്കു മാർക്കിട്ട് കാഴ്ചകൾ നിറയുന്ന തേക്കിൻകാട് മൈതാനത്തലയും. ഇരുട്ടി വെളുത്താൽ പിന്നെ പൂരക്കാഴ്ചകൾകൊണ്ട് നാടും നഗരവും തേക്കിൻകാടും നിറയും..
നാളെ രാവിലെ വെയിൽ മൂക്കുംമുൻപ് കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി മടങ്ങുന്നതോടെ ചെറൂപൂരങ്ങൾ ഒന്നൊന്നായി വടക്കുന്നാഥനിലേക്കെത്തും. തിരുവന്പാടിയുടെ മഠത്തിലേക്കുള്ള വരവും തുടർന്നുള്ള മഠത്തിൽനിന്നുള്ള വരവും പാറമേക്കാവിലമ്മയുടെ പൂരം പുറപ്പാടും തുടർന്നുളള ഇലഞ്ഞിത്തറ മേളവും അതിനു ശേഷമുള്ള പ്രസിദ്ധമായ തെക്കോട്ടിറക്കവും കൂടിക്കാഴ്ചയും കുടമാറ്റവും കാണാൻ പൂരനഗരിയിലേക്ക് ജനലക്ഷങ്ങൾ ഒഴുകിയെത്തും.
പിറ്റേന്ന് പുലർച്ചയ്ക്ക് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം വെടിക്കെട്ടും രാവിലെ ചെറുപൂരവും കഴിഞ്ഞ് ഉപചാരം ചൊല്ലിപിരിയുംവരെ ഈ നഗരത്തിൽ പൂരം നിറഞ്ഞുപെയ്യും. കാത്തിരിപ്പിന്റെ ക്ലൈമാക്സിനൊടുവിൽ പൂരമെത്തുന്പോൾ ആ പൂരത്തെ മുഴുവനായി മനസിലാവാഹിച്ചെടുക്കാനുള്ള തിരക്കാണ് ഓരോ പൂരപ്രേമിക്കും.
തിരുവന്പാടിയുടെ പ്രശസ്തമായ മഠത്തിൽവരവിന് തിരുവന്പാടി ചെറിയ ചന്ദ്രശേഖരൻ തിടന്പേറ്റും. തിരുവന്പാടി ശിവസുന്ദർ ചെരിഞ്ഞതിനെതുടർന്നാണ് ചെറിയ ചന്ദ്രശേഖരൻ തിടന്പേറ്റുന്നത്. മഠത്തിലെവരവിന്റെ പഞ്ചവാദ്യപ്രമാണി കോങ്ങാട് മധുവാണ്.
പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേള പ്രമാണം പതിവുതെറ്റാതെ പത്മശ്രീ പെരുവനം കുട്ടൻമാരാർ തന്നെയാണ്. തിരുവന്പാടിക്കു മേളപ്രമാണം കിഴക്കൂട്ട് അനിയൻ മാരാരും. പാറമേക്കാവിന്റെ പഞ്ചവാദ്യപ്രമാണം പരയ്ക്കാട് തങ്കപ്പൻ മാരാർ ആണ്. പാറമേക്കാവിലമ്മയുടെ തിടന്പേറ്റുന്നത് പാറമേക്കാവ് ശ്രീപത്മനാഭനാണ്.