തൃശൂര്‍: ഇതൊക്കെ എന്ത്… വെറും സാമ്പിള്‍. അപ്പോള്‍ യഥാര്‍ഥ പൂരം വെടിക്കെട്ട് എന്താവും? സാമ്പിള്‍ വെടിക്കെട്ട് ഇത്ര കേമമെങ്കില് വരാനിരിക്കുന്ന വെടിക്കെട്ട് എന്താവുമെന്ന ചര്‍ച്ചയോടെ നഗരം പൂരനാളുകളിലേക്കു കടന്നു.
നാളെയാണു ചരിത്രപ്രസിദ്ധമായ തൃശൂർ പൂരം. നഗരം ജനസാഗരമാകും. ഇടച്ചങ്ങലയുടെ കിലുക്കവും ആടയാഭരണങ്ങളും നെറ്റിപ്പട്ടവുമായി തലയെടുപ്പോടെ കരിവീരന്മാരും സുകൃതം ചെയ്ത വിരലുകള്‍ തീര്‍ക്കുന്ന മേളവിസ്മയങ്ങളും കുടകളുടെ സൗന്ദര്യമത്സരവും തൃശൂരില്‍ വർണോത്സവം ഒരുക്കും.
കൊട്ടും കുരവയുമായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ ഗജരാജന്‍ എറണാകുളം ശിവകുമാര്‍ ഇന്നു രാവിലെ 10ന് അടഞ്ഞുകിടക്കുന്ന തെക്കേഗോപുരവാതില്‍ തുറക്കുന്നതോടെ പൂരം വിളംബരമായി. പ്രതിസന്ധികളൊഴിഞ്ഞതോടെ ആനപ്രേമികളും പൂരപ്രേമികളുമൊക്കെ പൂരം കൂടാന്‍ നഗരത്തിലേക്കു തിരിച്ചുകഴിഞ്ഞു. കുളിച്ചു കുറിതൊട്ട കൊമ്പന്മാരെ കാണാന്‍ നൂറുകണക്കിനാളുകളാണ് ഇന്നു തടിച്ചുകൂടുക. പൂരത്തിനെത്തുന്നവര്ക്കു സുരക്ഷയൊരുക്കാന്‍ പോലീസും സര്‍വസജ്ജരായി എല്ലായിടത്തും നിലയുറപ്പിച്ചുകഴിഞ്ഞു.
പൂരത്തിന് ആനപ്പുറമേറുന്ന പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ ചമയപ്രദര്‍ശനം ഇന്നലെ ആരംഭിച്ചു. സാമ്പിള്‍ വെടിക്കെട്ടിനെത്തിയവര് രാത്രി വൈകിയും പ്രദര്‍ശനം കണ്ടാണ് മടങ്ങിയത്. നാളെ രാവിലെ ഏഴിനു കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെത്തി പൂരത്തെ വിളിച്ചുണര്ത്തുന്നതോടെ ഘടകപൂരങ്ങള്‍ വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തേക്കെത്തും.
രാവിലെ 11ന് തിരുവമ്പാടിയുടെ മഠത്തില്‍വരവ് രാവിലെ ഏഴരയോടെ ക്ഷേത്രത്തില്നിന്നാരംഭിക്കും. മൂന്നാനപ്പുറത്ത് ഷൊര്‍ണൂര്‍ റോഡിലൂടെ പറയെടുത്തു നായ്ക്കനാലിലെത്തി തിരുവമ്പാടി ഭഗവതി മഠത്തിലേക്കെഴുന്നള്ളും. ഇതിനകം തേക്കിന്‍കാടിന്റെ മാറിലേക്കു ചെറുപൂരങ്ങള്‍ വന്നണഞ്ഞുകൊണ്ടിരിക്കും. എട്ടു ഘടകപൂരങ്ങള്‍ എത്തുന്പോഴാണു നാദമായും വര്‍ണമായും പൂരം പെയ്തിറങ്ങുക.
പ്രസിദ്ധമായ പഞ്ചവാദ്യത്തിനു കോങ്ങാട് മധു പ്രാമാണിത്വം വഹിക്കും. 12.30ന് പാറമേക്കാവിന്റെ പുറത്തേക്കെഴുന്നള്ളിപ്പ്. കിഴക്കൂട്ട് അനിയന് മാരാരുടെ ചെമ്പടമേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക്. എഴുന്നള്ളിപ്പ് ഇലഞ്ഞിത്തറയിലെത്തുന്നതോടെ രണ്ടിന് ആയിരങ്ങള്‍ കാതുകൂര്‍പ്പിക്കുന്ന ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളത്തിനു തുടക്കമാകും.
ഇതിനിടെ ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന പാണ്ടിമേളം ശ്രീമൂലസ്ഥാനത്തു കൊട്ടിക്കയറും. ഇലഞ്ഞിത്തറ മേളത്തിനു സമാപ്തിയാകുന്നതോടെ ഇരുവിഭാഗങ്ങളും തെക്കേ ഗോപുരനടയിൽ കുടമാറ്റത്തിനു മുഖാമുഖം നില്ക്കും. ഇരുവിഭാഗത്തിലും 15 വീതം ഗജവീരന്മാരാണ് അണിനിരക്കുക.
കുടമാറ്റത്തിനുശേഷം രാത്രി വീണ്ടും എഴുന്നള്ളിപ്പുകളുടെയും ചടങ്ങുകളുടെയും ആവര്‍ത്തനം. പുലര്‍ച്ചെ മൂന്നിന് ആകാശത്തു വര്‍ണക്കൂട്ടുകളുടെ വെടിക്കെട്ട്. 20ന് ഉച്ചയോടെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലി പിരിയുന്നതുവരെ ഇനി നഗരവീഥികളിലും മണ്‍തരികളിലും പൂരം പെരുക്കും.
സ്വന്തം ലേഖകൻ