തൃശൂര്‍: ഒരു വര്‍ഷം കാത്തിരുന്ന സ്വപ്നം ഇതാ തൃശൂരില്‍ വിരിയുകയാണ്. തേക്കിന്‍കാട് മൈതാനത്തും രാജവീഥിയിലും ഇന്ന് ആനകള്‍ക്കും മേളങ്ങള്‍ക്കുമൊപ്പം പുരുഷാരം നിറയും. കൊട്ടുംകുരവയുമായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാര്‍ അടഞ്ഞുകിടന്ന തെക്കേഗോപുരവാതില്‍ ഇന്നലെ രാവിലെ തുറന്നതോടെ പൂര വിളംബരമായി.
കണ്ണടച്ചാലും മായാത്ത വര്‍ണങ്ങളുടെ, കാതില്‍ കൊട്ടിക്കയറുന്ന ചടുലതാളങ്ങളുടെ നിറവിലേക്കു നാടും നഗരവും ഉണർന്നുകഴിഞ്ഞു. ഇന്നു മഹാപൂരം. രാവിലെ മഞ്ഞും വെയിലും കൊള്ളാതെ കണിമംഗലം ശാസ്താവ് തെക്കേഗോപുരനട തുറക്കുന്നതോടെ ഇരവു പകലാക്കുന്ന ജനസാഗരമായി പൂരനഗരി മാറും.
മഠത്തില്‍വരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാന്‍ ഇക്കുറി റിക്കാര്‍ഡ് ജനം എത്തുമെന്നാണു പോലീസിന്റെ കണക്കുകൂട്ടല്‍. വന്‍ പോലീസ് സംഘമാണ് ഇന്നലെമുതല്‍ നഗരത്തിലെ മുക്കിലും മൂലയിലും കാവല്‍ നില്‍ക്കുന്നത്.
വൈകുന്നേരം കുടമാറ്റത്തിനുശേഷം രാത്രിയില്‍ എഴുന്നള്ളിപ്പുകളുടെ ആവര്‍ത്തനം. നാളെ ഉച്ചയോടെ ശ്രീമൂലസ്ഥാനത്ത് ഉപചാരംചൊല്ലി പിരിയുന്നതുവരെ നഗരത്തിന്റെ മുക്കിലും മൂലയിലും പൂരം, പൊടിപൂരം.