തൃശൂർ: തൃശൂർ പൂരത്തിനെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന വനംവകുപ്പിന്റെ ഉത്തരവുകൾ വനംമന്ത്രിയറിയാതെ. എല്ലാം നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരാണ് വനംവകുപ്പ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. വിവാദ ഉത്തരവുകൾ ഇറങ്ങിക്കഴിഞ്ഞു മാത്രമാണ് മന്ത്രി പോലുമറിയുന്നതെന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്. ഇതെങ്ങിനെ നടക്കുന്നുവെന്ന കാര്യമാണ് വ്യക്തമാകാത്തത്.
വിവാദ ഉത്തരവുകൾ ഇറങ്ങിക്കഴിഞ്ഞാലുടൻ മന്ത്രിമാരും സർക്കാരും തിരുത്തലുകളും നിഷേധങ്ങളുമായി കോടതിക്കു മുന്നിലും മാധ്യമങ്ങൾക്കു മുന്നിലുമെത്തുന്നതും പതിവായി.
പ്രതിസന്ധികൾ തെരഞ്ഞെടുപ്പ് അടുത്തോടെ സർക്കാർ തന്നെ സൃഷ്ടിക്കുന്നതാണെന്നും എല്ലാ പ്രശ്നങ്ങളും തങ്ങൾ ഇടപെട്ട് പരിഹരിച്ചെന്ന് വരുത്തിതീർക്കാനുമാണ് ഇത്തരം നാടകങ്ങളെന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്.
പൂരപ്രേമികൾക്കിടയിലും ഈ ആക്ഷേപം നിലനിൽക്കുന്നുണ്ട്.വെടിക്കെട്ട് നിയന്ത്രണം സംബന്ധിച്ചാകും പ്രശ്നങ്ങളുണ്ടാവുകയെന്നാണ് ഇത്തവണ ആശങ്കപ്പെട്ടിരുന്നതെങ്കിലും ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പാണ് തുടർച്ചയായി അപ്രായോഗിക സർക്കുലറുകൾ ഇറക്കി പ്രതിസന്ധി സൃഷ്ടിച്ചത്.
തങ്ങൾ പൂരത്തിനൊപ്പമാണെന്ന് മാധ്യമങ്ങൾക്കു മുന്നിൽ പ്രഖ്യാപിക്കുകയും വകുപ്പുകൾ ഇറക്കുന്ന ഉത്തരവുകൾ വിവാദങ്ങളാകുന്പോൾ മാത്രം മന്ത്രിമാർ അറിയുകയും ഇടപെടുകയും ചെയ്യുന്നത് അപഹാസ്യമാണെന്നും പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്.
സ്വന്തം ലേഖകൻ