ഋഷി
തൃശൂർ നഗരത്തിനകത്തെ ചെറുതും വലുതുമായ കടകളിൽ കിട്ടാത്തതൊന്നും പൂരം എക്സിബിഷനിൽ ഉണ്ടാകില്ല. എന്നാലും തൃശൂർക്കാർ പൂരക്കാലത്ത് എത്രയോ തവണ പൂരം എക്സിബിഷന്റെ അകത്ത് കയറിയിറങ്ങി നടക്കും.
എന്തൊക്കെയോ വാങ്ങിച്ചുകൂട്ടും…. അതാണ് തൃശൂർക്കാർക്ക് പൂരം എക്സിബിഷൻ…പൂരക്കാലത്ത് തൃശൂർക്കാരുടെ വീട്ടിൽ ആരു വിരുന്നെത്തിയാലും ആദ്യം തന്നെ കാണിക്കാൻ കൊണ്ടുപോവുക പൂരം എക്സിബിഷനാണ്.
വൈകുന്നേരമാണെങ്കിൽ പൂരംപ്രദർശന നഗരി വെളിച്ചത്തിൽ കുളിച്ചുനിൽപ്പുണ്ടാകും. പുറമെ നിന്നൊക്കെ വരുന്നവർ പൂരനഗരിയിലെ പൂര്ം പ്രദർശന നഗരി കണ്ട് വാ പൊളിച്ചു നിൽക്കും.
അകത്തു നിന്നും വിവിധ അനൗണ്സ്മെന്റുകൾ ഉയർന്നു കേൾക്കുന്നതിന് അവർ കാതോർക്കും. അകത്തെന്താണെന്നറിയാൻ കൗതുകത്തോടെ കവാടത്തിനുള്ളിലൂടെ നോക്കും….ഫൗണ്ടനും യന്ത്ര ഉൗഞ്ഞാലും സ്റ്റാളുകളും പവലിയനുകളുമെല്ലാം കൊണ്ട് അടക്കാനാവാത്ത കൊതിയോടെ വേഗം ടിക്കറ്റെടുത്ത് കയറും….
പൂരമെത്തും മുന്പേതന്നെ പൂരം എക്സിബിഷൻ തൃശൂർ നഗരത്തിലെത്തും. പൂരം കഴിഞ്ഞേ എക്സിബിഷന് കൊടിയിറങ്ങുകയുള്ളു.
പൂരം എക്സിബിഷന്റെ കഥയറിയാമോ…..
1932ൽ തൃശൂരിൽ രൂപം കൊണ്ട വൈ.എം.എ. 1933ൽ തുടങ്ങിവെച്ചതാണ് പൂരം പ്രദർശനം. 1948 വരെ യുവജന സമാജത്തിന്റെ നേതൃത്വത്തിൽ തുടർന്നു.
മഹാത്മാഗാന്ധി രക്തസാക്ഷിയായ 1948ൽ പ്രദർശനം ഉണ്ടായില്ല. അടുത്ത വർഷം മുതൽ 1962 വരെ തൃശൂർ നഗരസഭയാണ് പ്രദർശനം സംഘടിപ്പിച്ചു വന്നത്. 1
962ലും 63ലും പ്രദർശനം നിലച്ചു. 1962ൽ ചൈനീസ് യുദ്ധം കാരണം പേരിന് മൂന്ന് ആനകളെ വച്ച് പൂരം നടത്തി. 1963ൽ തൃശൂർ മുൻസിപ്പാലിറ്റിയുടെ സ്റ്റേഡിയം പണിയുന്നതിനായി രൂപീകരിച്ച കമ്മിറ്റിയാണ് എക്സിബിഷൻ നടത്തിയത്.
പൂരത്തിന് വീതം നൽകാൻ കമ്മിറ്റി വിസമ്മതം പ്രകടിപ്പിച്ചതിനെത്തുടർന്ന് ആവർഷം പൂരം തന്നെ വേണ്ടെന്ന് വക്കുകയാണ് ഉണ്ടായത്.
തുടർന്ന് 1964ൽ തിരുവന്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പൂരം പ്രദർശനം പുനരാരംഭിച്ചു.
51-ാമത് പൂരം എക്സിബിഷനാണ് ഇത്തവണ നടക്കുന്നത്. ലക്ഷക്കണക്കിനാളുകൾ പൂരം എക്സിബിഷൻ കാണാനെത്തും. രണ്ടുവർഷം പൂരവും പൂരം എക്സിബിഷനും കാണാൻ കഴിയാതിരുന്നതിന്റെ വിഷമം തൃശൂർക്കാർക്ക് ഏറെയുണ്ട്.
അതുകൊണ്ടുതന്നെ ഇത്തവണത്തെ പൂരം പ്രദർശനത്തെ സംഭവമാക്കി മാറ്റാനാണ് തൃശൂർക്കാർ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആഘോഷമാക്കാവുന്ന നിരവധി കാര്യങ്ങൾ പൂരം പ്രദർശന നഗരിയിലുണ്ട്.
പടുകൂറ്റൻ യന്ത്ര ഉൗഞ്ഞാലും നിരവധി റൈഡുകളും കുട്ടികളെ ആകർഷിക്കുന്പോൾ വീട്ടമ്മമാർക്കായി നിരവധി ഉത്പന്നങ്ങൾ കേരളത്തിനകത്തു നിന്നും പുറത്തു നിന്നും മേളയിലെത്തിച്ചിട്ടുണ്ട്.
പൂരം എക്സിബിഷൻ കാണാൻ കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ആളുകളെത്താറുണ്ട്. ചുരുങ്ങിയത് മൂന്നു മണിക്കൂർ നേരം ചുറ്റിക്കറങ്ങി കാണാനുള്ളതെല്ലാം പൂരം പ്രദർശന നഗരിയിലുണ്ട്. ഒരിക്കലെങ്കിലും വന്നു കാണണം പൂര നഗരിയിലെ പൂരം എക്സിബിഷൻ…