സ്വന്തം ലേഖകന്‍
തൃശൂര്‍: കോവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂര്‍ പൂരം നടക്കുമോ എന്ന ആശങ്കയും ആശയക്കുഴപ്പവും തീര്‍ക്കാന്‍ തീരുമാനം സര്‍ക്കാരിന് വിട്ടുകൊടുത്ത് ദേവസ്വങ്ങള്‍.
സര്‍ക്കാരിന്റെയും ജില്ലഭരണകൂടത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ മാനിച്ച് തീരുമാനമെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം പൂരം നടത്തിപ്പ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ.എം.മാധവന്‍കുട്ടി പ്രസ്താവന വഴി വ്യക്തമാക്കിയത്.
ഇപ്പോഴത്തെ നമ്മുടെ നാട്ടിലെ സാഹചര്യങ്ങള്‍ ബോധ്യമുള്ളവരാണ് പൂരം സംഘാടകരെന്നും വരും ദിവസങ്ങളിലെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനമെന്നും മാധവന്‍കുട്ടി പറഞ്ഞു.
തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തുമെന്നും, അതല്ല പൂരം പതിവുപോലെ ആഘോഷിക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായതോടെയാണ് തിരുവമ്പാടി ദേവസ്വം വിശദീകരണക്കുറിപ്പിറക്കാന്‍ തീരുമാനിച്ചത്.
പൂരത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയകളിലും വരുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ഏതെങ്കിലും ഒരു കൂട്ടായ തീരുമാനത്തിന്റെ ഭാഗമല്ലെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി.
വിഷുവിന് ശേഷം ഇരുദേവസ്വങ്ങളും പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളും.