തൃശൂർ: പൂരം പെയ്തിറങ്ങിയപ്പോൾ തൃശൂർ റെയിൽവേയ്ക്കും ആഘോഷമായി. പൂര ദിനങ്ങളിൽ 17,26,428 രൂപയാണ് റെയിൽവേയ്ക്കു ലഭിച്ച വരുമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3,81,061 രൂപയുടെ അധിക വരുമാനമാണ് ഇക്കുറി പൂരത്തിനു ലഭിച്ചത്. കഴിഞ്ഞ വർഷത്തെ വരുമാനം 13,45,367 രൂപയായിരുന്നു.
25,845 യാത്രക്കാർ 15,482 ടിക്കറ്റുകളാണ് എടുത്തത്. ടിക്കറ്റ് കൗണ്ടറിലൂടെ 21,519 യാത്രക്കാർ 12,852 ടിക്കറ്റുകളാണ് എടുത്തത്. ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷിനുകളിലൂടെ 3,736 യാത്രക്കാർ 2,512 ടിക്കറ്റുകൾ എടുത്തു. മൊബൈൽ ആപ്പിലൂടെ 236 യാത്രക്കാർ 228 ടിക്കറ്റുകളും എടുത്തു.
സാധാരണ നിലയിൽ ശരാശരി 7900 ടിക്കറ്റും 8.89 ലക്ഷം വരുമാനവും ലഭിക്കുന്നിടത്താണ് കൂടുതൽ വരുമാനം ലഭിച്ചത്. ജീവനക്കാരുടെ കുറവുമൂലം സ്ക്വാഡ് ഉണ്ടായിരുന്നില്ല. ടിക്കറ്റ് പരിശോധന കൂടി ഉണ്ടായിരുന്നെങ്കിൽ ഇതു റിക്കാർഡ് നേട്ടമായി മാറുമായിരുന്നുവെന്നു റെയിൽവേ അധികൃതർ പറഞ്ഞു.