സ്വന്തം ലേഖകൻ
തൃശൂർ: പൂരത്തിനെത്തുന്നവർക്ക് ഇക്കുറി ചില്ലറ ബുദ്ധിമുട്ടുകളും അസൗകര്യങ്ങളും ഉണ്ടായേക്കാം. പതിവുപോലെ തന്നെ പൂരം കാണാൻ അവസരമുണ്ടെങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സുരക്ഷ ക്രമീകരണങ്ങൾ പലമടങ്ങ് ശക്തമാണ്. കൊളംബോ സ്ഫോടനത്തിന്റെയും ഭീകരാക്രമണത്തിന്റെയും കേരള കണക്ഷനുകളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ ക്രമീകരണങ്ങളോടെയാണ് ഇത്തവണ തൃശൂർ പൂരം നടക്കുന്നത്.
ഇന്നലെ രാവിലെ മുതൽ തന്നെ പൂരനഗരി പൊലീസ് നിയന്ത്രണത്തിലായി. സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്ര, എസിപി വി.കെ.രാജു എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരണങ്ങൾ. പോലീസിന് പുറമെ തണ്ടർബോൾട്ട് കമാന്റോകളും,എൻഡിആർഎഫും സുരക്ഷ ഡ്യുട്ടിക്കായി എത്തിയിട്ടുണ്ട്. 3500 ഓളം പോലീസാണ് ഇത്തവണ പൂരം സുരക്ഷാ ഡ്യൂട്ടിക്കായി എത്തിയിരിക്കുന്നത്.
ഇതിന് പുറമേ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. ഘടക ക്ഷേത്രങ്ങളിലേതുൾപ്പെടെ എല്ലാ പൂരങ്ങളുടെയും എഴുന്നെള്ളിപ്പിൽ പങ്കെടുക്കുന്ന ഗജവീരൻമാർക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. എഴുന്നെള്ളിപ്പിൽ പങ്കെടുക്കുന്ന ആനകൾക്കൊപ്പം എസ്ഐ ഉൾപ്പടെ എട്ട് പൊലീസുകാർ സുരക്ഷയ്ക്കായി ഡ്യൂട്ടിക്കുണ്ടാകും.
മെറ്റൽ ഡിറ്റക്ടർ വഴിയുള്ള പരിശോധനയ്ക്ക് ശേഷം മാത്രമേ ആളുകളെ വടക്കുന്നാഥ ക്ഷേത്ര മതിൽകെട്ടിനകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.ഇതിനായി പടിഞ്ഞാറെ ഗോപുര നടയിലും, കിഴേക്കേ ഗോപുര നടയിലും അത്യാധുനിക സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
കുടമാറ്റം നടക്കുന്ന തെക്കേഗോപുര നടയിൽ തിരക്ക് നിയന്ത്രിക്കാൻ പോലീസ് ബാരിക്കേഡ് സ്ഥാപിക്കുന്നുണ്ട്. സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിന് തെക്കേഗോപുര നടയിൽ പ്രത്യേക പോലീസ് കണ്ട്രാൾ റൂം പ്രവർത്തിക്കുന്നുണ്ട്.
നഗരത്തിലെ ഉയരമുള്ള കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് പോലീസ് ബൈനോക്കുലർ നീരീക്ഷണം ഏർപ്പെടുത്തി . തീരദേശ മേഖലകളിൽ ഉപയോഗിക്കുന്ന ബൈനോക്കുലറാണ് നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്.