സ്വന്തം ലേഖകൻ
തൃശൂർ: കുഴപ്പങ്ങളും തടസങ്ങളുമില്ലാതെ നടന്നിരുന്ന തൃശൂർ പൂരം ഇപ്പോൾ സാങ്കേതിക തടസങ്ങളുടെ ഉൗരാക്കുടുക്കിൽ നിന്ന് രക്ഷപ്പെടാൻ പെടാപാടു പെടുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളുടെ തുടർച്ചയെന്നോണം ഇത്തവണയും കരിയിലും കരിമരുന്നിലും തന്നെയാണ് പൂരം കുരുങ്ങിയിരിക്കുന്നത്.
കരിവീരച്ചന്തം നിറയുന്ന തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സാന്നിധ്യം ഇത്തവണയുണ്ടാകുമോ എന്നതാണ് ആനപ്രേമികൾ കാത്തിരിക്കുന്നത്. രാമചന്ദ്രന്റെ വിലക്ക് നീക്കാൻ മുഖ്യമന്ത്രിയുടെ കനിവുതേടി അദ്ദേഹത്തെ സമീപിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.തെച്ചിക്കോട്ടിന്റെ വിലക്ക് നീക്കിയില്ലെങ്കിൽ മറ്റാനകളെ എഴുന്നള്ളിപ്പിന് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ആന ഉടമകൾ.
പ്രശസ്തമായ തൃശൂർ പൂരം വെടിക്കെട്ടും പ്രതിസന്ധി നേരിടുകയാണ്. ഓലപ്പടക്കത്തിന് അനുമതി നിഷേധിച്ചതാണ് പുതിയ പ്രശ്നം. വെടിക്കെട്ടിന് തടസമുണ്ടാകില്ലെന്ന് കോടതി വിധി വന്നപ്പോൾ ഏവരും കരുതിയെങ്കിലും പുതിയ കുരുക്ക് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ.
ഓലപ്പടക്കത്തിന് അനുമതി തേടിയും വെടിക്കെട്ട് സുഗമമായി നടത്താനുള്ള അനുമതിക്കായും തിരുവന്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രതിനിധി എക്സ്പ്ലോസീവ് ചീഫ് കണ്ട്രോളറെ കാണാനും ചർച്ചക്കുമായി നാഗ്പൂരിലെത്തിക്കഴിഞ്ഞു. വെടിക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ എക്സ്പ്ലോസീവ് ചീഫ് കണ്ട്രോളറെ ബോധ്യപ്പെടുത്താനാണ് പ്രതിനിധിയെ അയച്ചിരിക്കുന്നത്. ഇന്നുച്ചയ്ക്ക് പ്രതിനിധി ചീഫ് കണ്ട്രോളറുമായി ചർച്ച നടത്തും.
നഗരത്തിൽ തിരുവന്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ പൂരപ്പന്തലുകളുടെ പണികൾ തുടങ്ങിക്കഴിഞ്ഞു. പൂരത്തിന്റെ മറ്റു ഒരുക്കങ്ങളും തുടരുകയാണ്. ഇതിനിടെയാണ് നിയമക്കുരുക്കുകളും സാങ്കേതിക തടസങ്ങളും പൂരത്തിന്റെ ഒരുക്കങ്ങൾക്ക് തടസം സൃഷ്ടിക്കുന്നത്.