സ്വന്തം ലേഖിക
തൃശൂർ: കേരളത്തിൽ പേരുകേട്ട കുടനിർമാതാക്കൾ ഏറെയുണ്ടെങ്കിലും മേടമാസത്തിൽ തൃശൂരിൽ രണ്ടു കൂട്ടരുണ്ടാക്കുന്ന കുടകൾ കാണാൻ കടൽ കടന്ന് ആളുകളെത്തും.
അതാണ് തൃശൂർ പൂരത്തിലെ ഏറ്റവും മനോഹരകാഴ്ചകയായ കുടമാറ്റം. ഡിവൈൻ ദർബാർ എന്നു വിശേഷിപ്പിക്കാറുള്ള പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാരുടെ കൂടിക്കാഴ്ച.
പരസ്പരം അഭിമുഖമായി നിന്ന് ഇരുകൂട്ടരും നിമിഷങ്ങളുടെ വ്യത്യാസത്തിൽ കുടകൾ മാറിമാറി ഉയർത്തുമ്പോൾ തെക്കേ ഗോപുരനടയ്ക്കു താഴെ നിറയുന്ന പുരുഷാരം കുടകളെക്കാൾ ഉയരത്തിൽ ആരവം മുഴക്കി ഇരുവിഭാഗത്തിലും മത്സര ആവേശം നിറയ്ക്കും.
പൂരത്തിന്റെ സായാഹ്നത്തിൽ ആയിരത്തി അഞ്ഞൂറിൽപ്പരം വർണക്കുടകളാണ് തേക്കിൻകാട് മൈതാനിയിൽ പൂത്തുലയുക. വിസ്മയിപ്പിക്കുന്ന സ്പെഷൽ കുടകൾ വേറെയും.
പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ചമയപ്പുരകളിൽ ആനച്ചൂരും ആനച്ചൂടും തട്ടാത്ത വർണക്കുടകളുടെ നിർമാണം അവസാനഘട്ടത്തിലാണ്.
എല്ലാ വര്‍ഷവും പൂരത്തിനു നാലുമാസം മുമ്പേ കുടകളുടെ പണികള്‍ ആരംഭിക്കും. എന്നാല്‍, ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ എത്രത്തോളം നീണ്ടുപോകും എന്ന ആശങ്കമൂലം പണികള്‍ തുടങ്ങാന്‍ വൈകിയെന്നു പാറമേക്കാവിനുവേണ്ടി കുടകൾ നിർമിക്കുന്ന വസന്തന് കുന്നത്തങ്ങാടി പറഞ്ഞു.
പണിക്കാര് കൂടുതൽ സമയം ജോലി ചെയ്തു കുടകളുടെ നിർമാണം തീർത്തു കൊണ്ടിരിക്കുകയാണ്. അമ്പതോളം സെറ്റ് കുടകളാണ് പാറമേക്കാവ് തയാറാക്കുന്നത്.
തിരുവമ്പാടിയുടെ ചമയപ്പുരയിലും വർണക്കുടകൾ അണിഞ്ഞൊരുങ്ങുകയാണ്. പോയവർഷം തിരുവമ്പാടി വിഭാഗം കുടകൾ നിർമിച്ചിരുന്നുവെങ്കിലും പൂരം ഒരു ആനപ്പുറത്തുമാത്രം നടത്തിയതുകൊണ്ട് ആ കുടകളൊന്നും ഉപയോഗിക്കേണ്ടിവന്നില്ല.
കഴിഞ്ഞവര്‍ഷം ചെയ്തുവച്ച ഉപയോഗിക്കാത്ത കുറച്ചു കുടകള്‍ ഇത്തവണ ഉപയോഗിക്കാന്‍ കഴിയുമെന്നു തിരുവമ്പാടിയുടെ കുടകൾ ശ്രമിക്കുന്ന പുരുഷോത്തവന്‍ അരണാട്ടുകര പറഞ്ഞു.
രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പൂരക്കമ്പക്കാർക്കു പൂർണതോതിലുള്ള കുടമാറ്റം കാണാനാവുന്നത്. പോയ വർഷം തിരുവമ്പാടി ഒരാനപ്പുറത്തും പാറമേക്കാവ് 15 ആനകളെ അണിനിരത്തിയുമാണ് കുടമാറ്റം പേരിനുമാത്രമായി നടത്തിയത്. അതിനു മുൻപുള്ള വർഷം കോവിഡ് വ്യാപനം മൂലം പൂരവും കുടമാറ്റവും ഉണ്ടായില്ല.
മുംബൈ, സൂറത്ത് എന്നിവിടങ്ങളില്‍നിന്നാണ് കുടകള്‍ക്കുള്ള തുണിത്തരങ്ങള്‍ കൊണ്ടുവരുന്നത്. ഇരു ദേവസ്വങ്ങളുടെയും ചമയം കമ്മിറ്റികള്‍ അവിടങ്ങളിൽ നേരിട്ടു പോയി മെറ്റീരിയല്‍ സെലക്ട് ചെയ്യും .
വിവിധ വർണങ്ങളിലും, വെല്‍വെറ്റ് തുടങ്ങിയ രാജകീയ തുണിത്തരങ്ങളിലും, സീക്വന്‍സ് വര്‍ക്കുകളുടെ തിളക്കവും സ്ക്രീന്‍ പ്രിന്റിംഗിലുള്ള ചിത്രങ്ങളുമൊക്കെയായി കുടകള്‍ ഒരുങ്ങുകയാണ്.
അലുക്കുകള്കൂടി തുന്നിപ്പിടിപ്പിക്കുന്നതോടെ കുടകളുടെ പണി പൂര്‍ത്തിയാകും. അലുക്കുകള്‍ പിടിപ്പിക്കുന്ന പണി ഈ ആഴ്ച തുടങ്ങും.
ഇരുവിഭാഗവും 45 മുതല്‍ അന്പതുവരെ സെറ്റ് കുടകള്‍ മാറ്റും. കുടമാറ്റത്തിന്റെ ക്ലൈമാക്സിൽ ഇരുവിഭാഗവും ഉയർത്തുന്ന സ്പെഷൽ കുടകൾ ഇരുവിഭാഗങ്ങളുടെയും പണിപ്പുരയിൽ അതീവരഹസ്യമായി ഒരുങ്ങുന്നുണ്ട്.
കുടമാറ്റം കഴിഞ്ഞാൽ ഈ കുടകൾ പിന്നെ…
കുടമാറ്റം കഴിഞ്ഞാൽ ഇത്രയും കുടകൾ പിന്നെ എന്തു ചെയ്യും എന്നതു പലർക്കുമുള്ള സംശയമാണ്.തിരുവമ്പാടിയും പാറമേക്കാവും പൂരത്തിനുശേഷം ഈ കുടകളെല്ലാം വാടകയ്ക്കു കൊടുക്കും.
കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് ഉത്സവ പൂരാഘോഷങ്ങൾക്കും പള്ളിപ്പെരുന്നാളുകൾക്കും മറ്റ് ആഘോഷങ്ങൾക്കും ഒക്കെയായി നിരവധി ആളുകളാണ് തിരുവമ്പാടിയിലേക്കും പാറമേക്കാവിലേക്കും കുടകൾ തേടിയെത്താറുള്ളത്.
ചൂരൽ കൊണ്ടാണ് പൂരത്തിന്റെ കുടകളുടെ ഫ്രെയിമുകൾ നിർമിക്കുക എന്നതിനാൽ പൂരക്കുടകൾക്കു പ്രത്യേക ഭംഗിയാണ് . മരത്തിന്റെയാണ് പിടി.
പൂരം കഴിഞ്ഞ് ബാക്കിയെല്ലാവരും സ്വസ്ഥമായി ഇരിക്കുമ്പോൾ തേക്കിൻകാട്ടിൽ വിരിഞ്ഞ പൂരക്കുടകൾ കേരളം മുഴുവൻ ഉയർന്നുനിൽക്കും.
ബന്ധങ്ങളുടെ സ്നേഹ കുടമാറ്റം
തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിനുവേണ്ടി കുടകൾ ഒരുക്കുന്നവർ ബന്ധുക്കളാണ് എന്നതു മറ്റൊരു കൗതുകം. പുരുഷോത്തമന്റെ അമ്മാവന്റെ മകനാണ് പാറമേക്കാവിൽ കുട ഒരുക്കുന്ന വസന്തൻ കുന്നത്തങ്ങാടി.
രണ്ടുപേരും 40 വർഷത്തിലേറെയായി ഈ രംഗത്തെത്തിയിട്ട്. വസന്തന്റെ അച്ഛനും അച്ഛന്റെ അച്ഛനുമൊക്കെ പാരമ്പര്യമായി പൂരത്തിന്റെ കുടകള്‍ നിര്‍മിക്കുന്നവരായിരുന്നു.
പുരുഷോത്തമനെ ഈ രംഗത്തേക്കു കൊണ്ടുവന്നതു വസന്തന്റെ അച്ഛനാണ്. പന്ത്രണ്ടുവര്‍ഷം മുന്‍പുവരെ പാറമേക്കാവിന്റെ ജോലികളാണ് പുരുഷോത്തമന് ചെയ്തിരുന്നത്;
തിരുവമ്പാടിയില്‍ ആളെ അത്യാവശ്യമായി വിളിച്ചപ്പോള്‍ അങ്ങോട്ടേക്കു മാറിയെങ്കിലും. ഇരുവരും ഓരോ ദിവസത്തെയും ജോലിയുടെ പുരോഗതികള്‍ പരസ്പരം പങ്കുവയ്ക്കും.
ഞങ്ങളുടെ ഇടയില്‍ രഹസ്യക്കുടകള് ഒന്നുമില്ലെന്ന് ഇരുവരും പറയുന്നു. പക്ഷേ, ഞങ്ങള്‍ ആളുകള്‍ക്കു സര്‍പ്രെസ് കൊടുക്കുമെന്നു പറഞ്ഞ് പുരുഷോത്തമന് ചിരിച്ചു.