തൃശൂർ: തൃശൂർ പൂരം കടുത്ത പ്രതിസന്ധിയിലാക്കിയ വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പിൻവലിച്ചു. പൂരം നടത്താൻ പറ്റാത്ത രീതിയിൽ വനംവകുപ്പ് ആന എഴുന്നള്ളിപ്പുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് പിൻവലിച്ചത്. ഇതോടെ ഈ വർഷത്തെ തൃശൂർ പൂരം സാധാരണ പോലെ നടത്താനാകും.
ആനകൾക്ക് ചുറ്റും അന്‍പത് മീറ്റർ പരിധിയിൽ ആളുകളെയോ മേളക്കാരെയോ നിർത്താൻ പാടില്ലെന്ന ഉത്തരവാണ് പിൻവലിച്ചത്.
അതേസമയം, തൃശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ആനകളുടെ 50 മീറ്റർ ചുള്ളളവിൽ ആളും മേളവും പാടില്ലെന്ന സർക്കുലറിനെതിരെ പാറമക്കേവ് തിരുവന്പാടി ദേവസ്വം ഭാരവാഹികളും ആന ഉടമകളും രംഗത്തെത്തുകയായിരുന്നു.
ഉത്തരവ് വിവാദമായതോടെ പൂരം നടത്തിപ്പിന് പ്രശ്നമുണ്ടാകില്ലെന്നും വിവാദ നിർദേശങ്ങൾ പിൻവലിക്കുമെന്നും വനം മന്ത്രി വ്യക്തമാക്കിയിരുന്നു.വിവാദ നിബന്ധനയിൽ മാറ്റം വരുത്തുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും വനംമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.
ആനകളുടെ അന്‍പത് മീറ്റർ ചുറ്റളവിൽ തീവെട്ടി, താളമേളം, എന്നിവയില്ലെന്ന ഉറപ്പ് വരുത്തണമെന്ന ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററുടെ സർക്കുലറാണ് വിവാദത്തിന് തിരികൊളുത്തിയത്. ആനകളുടെ മൂന്ന് മീറ്റർ അകലെ മാത്രമേ ആളുകൾ നിൽക്കാവൂ, ആനകൾക്ക് ചുറ്റും പോലീസും ഉത്സവ വോളന്റിയർമാരും സുരക്ഷാവലയം തീർക്കണം, ചൂട് കുറയ്ക്കാൻ ഇടയ്ക്കിടെ ആനകളെ നനയ്ക്കണം എന്നതടക്കമുള്ള നിർദ്ദേശങ്ങളായിരുന്നു വന്നത്.
കനത്ത ചൂടും ആനകൾ വിരണ്ടോടുന്നത് പതിവാകുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സർക്കുലർ എന്നായിരുന്നു വിശദീകരണം. എന്നാൽ ഇങ്ങനെ അന്‍പത് മീറ്ററിനപ്പുറത്തേക്ക് ആളുകളെയും മേളവുമെല്ലാം മാറ്റുക എന്നത് അപ്രായോഗികമാണെന്നും അത് നടപ്പിലാക്കിയാൽ മേളക്കാരും ആളുകളും തേക്കിൻകാട് മൈതാനത്തിന് പുറത്താകുമെന്നും ദേവസ്വം ഭാരവാഹികൾ പറഞ്ഞിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിയന്ത്രണങ്ങളിൽ മാറ്റം വന്നത്.