സ്വന്തം ലേഖകൻ
തൃശൂർ: പുലി പുല്ലു തിന്നില്ലായിരിക്കാം, പക്ഷേ അയ്യന്തോളിലെ പുലികൾ പച്ചക്കറി തീറ്റിക്കും, നല്ല അസ്സൽ ജൈവ പച്ചക്കറി. നാലോണനാളിൽ നഗരം കീഴടക്കാറുള്ള അയ്യന്തോൾ ദേശം പുലിക്കളി സംഘാടകസമിതിയുടെ കൃഷി രണ്ടു വർഷം മുൻപ് തുടങ്ങിയതാണ്.
അതിപ്പോൾ നാട്ടുചന്തയുടെ രൂപഭാവങ്ങളിലേക്ക് പടർന്നു പന്തലിച്ചിരിക്കുന്നു. നാട്ടിലും വിദേശത്തും താമസിക്കുന്നവരുടെ നാട്ടിൽ നോക്കി നടത്താൻ ആളില്ലാതെ കിടന്നിരുന്ന സ്ഥലങ്ങൾ
പുലിക്കളി സംഘത്തിന് കൃഷിക്കായി നൽകിക്കൊണ്ട് നാട്ടുകാരുടെ സഹകരണത്തോടെ തുടക്കമിട്ട കൃഷിയാണ് ഇപ്പോൾ വിപണിയിലേക്ക് ഉത്പന്നങ്ങളായി എത്തുന്നത്.
നാട്ടിലുള്ളവർക്ക് വിഷമില്ലാത്ത നല്ല പച്ചക്കറി നൽകാമെന്ന് പുലികൾ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു. രണ്ടു വർഷം മുൻപ് ഒന്നര ഏക്കർ സ്ഥലത്ത് തുടങ്ങിയ ജൈവപച്ചക്കറി കൃഷിയാണ് ഇന്ന് നാട്ടുചന്തയിലെത്തി നിൽക്കുന്നത്.
കൃഷി വകുപ്പിന്റെ സഹകരണത്തോടെ നാട്ടുചന്തയുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിക്കും. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിക്കും.