തൃശൂർ: നഗരം ഇളക്കിയുള്ള പുലിക്കളിയില്ലെങ്കിലെന്ത്, കോവിഡിനെ തുരത്താൻ തൃശൂരിലെ പുലികൾ വാക്സിനെടുത്തതു കൗതുക കാഴ്ചയായി.
തൃശൂർ പൂരപ്രേമിസംഘവും ടി.സി. കുഞ്ഞിയമ്മ ട്രസ്റ്റും സരോജ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ സംയുക്തമായി നടത്തിയ ക്യാന്പിലാണ് അയ്യന്തോൾ പുലിക്കളി സംഘത്തിലെ ജെയ്സണ്‍ പുലിവേഷത്തോടെ വന്നു വാക്സിനെടുത്തത്.
ക്ഷേത്രങ്ങളുമായും പൂരോത്സവങ്ങളുമായും ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത നൂറ്റന്പതോളം ആളുകൾക്കു വേണ്ടിയാണു സൗജന്യ വാക്സിനേഷൻ ക്യാന്പ് നടത്തിയത്.
പുലിക്കളിക്കാർക്കു പുറമേ ആനക്കാർ, ആനപ്പുറക്കാർ, വാദ്യകലാകാരൻമാർ, ക്ഷേത്രജീവനക്കാർ, ലൈറ്റ് സൗണ്ട് ജീവനക്കാർ, പന്തം പിടിക്കുന്നവർ, ഡക്കറേഷൻകാർ, കൂത്ത് കൂടിയാട്ടം കലാകാരൻമാർ തുടങ്ങി നിരവധി ആളുകൾ വാക്സിനെടുത്തു.
കുഞ്ഞിയമ്മ ട്രസ്റ്റിമാരായ അച്യുതൻകുട്ടി, നാരായണൻകുട്ടി എന്നിവർ ചേർന്നു ക്യാന്പ് ഉദ്ഘാടനം ചെയ്തു. പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴെക്കാട്ട്, കണ്‍വീനർ വിനോദ് കണ്ടംകാവിൽ, സരോജ മൾട്ടി സ്പെഷാലിറ്റി ആശുപത്രി എക്സിക്യൂട്ടീവ് ഡയറകടർ രോഹിത്ത് പിഷാരടി, നന്ദൻ വാകയിൽ, അനിൽകുമാർ മോച്ചാട്ടിൽ, സജേഷ് കുന്നന്പത്ത്, രമേഷ് മൂക്കോനി എന്നിവർ നേതൃത്വം നൽകി.
പുലി വരും…വീട്ടകങ്ങളിലേക്ക്, ഓൺലൈനിൽ
അനിൽ തോമസ്
തൃശൂര്‍: നാലോണനാളില്‍ നരന് നരിയാകുന്നതു നടക്കില്ലെന്നുറപ്പായി. തുടര്‍ച്ചയായ രണ്ടാംവര്‍ഷവും തൃശൂരിന്റെ പുലികള്‍ക്കു മടവിട്ടു നഗരത്തിലെത്താനാകില്ല.
ശരീരമാകെ വരയും പുള്ളിയും കുത്തി, അരമണിയും പുലിമുഖംമൂടിയുമണിഞ്ഞ്, കാലുകളിലും അരയിലും താളങ്ങള്‍ കൊരുത്ത് അസുരവാദ്യമായ ചെണ്ടയില്നിന്നുയരുന്ന പുലിക്കൊട്ടോടെ പുലികള്‍ സ്വരാജ് റൗണ്ടിനെ ഇളക്കിമറിക്കുന്ന കാഴ്ചകള്‍ ഇത്തവണയും തൃശൂരിനു നഷ്ടമാകും.
പുലിയിറങ്ങാത്ത ഓണമാണെങ്കിലും വെര്‍ച്വല്‍ പുലിക്കളി അഥവാ ഓണ്‍ലൈന്‍ പുലിക്കളി ഇത്തവണയും നടത്താന്‍ ദേശങ്ങള്‍ ഒരുങ്ങുന്നുണ്ട്.പുലിക്കളിയും ഓണ്‍ലൈനാക്കി തൃശൂര്ക്കാര് കഴിഞ്ഞ വര്‍ഷംതന്നെ ചരിത്രം സൃഷ്ടിച്ചിരുന്നു.
അയ്യന്തോള്‍ ദേശം കഴിഞ്ഞവര്‍ഷം പുലിക്കളി ഓണ്‍ലൈന്‍ വഴി ലോകമെമ്പാടുമെത്തിച്ചതിന്റെ അലയൊലികള്‍ ഇക്കുറി കൂടുതല്‍ പുലിക്കളി സംഘങ്ങള്‍ക്ക് ആവേശവും പ്രോത്സാഹനവും പകര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ ഓണ്‍ലൈന്‍ പുലിക്കളിക്കു ടീമുകള്‍ കൂടുതലുണ്ടാകുമെന്നാണു കരുതുന്നത്.
അയ്യന്തോളില്‍ നഗരസഭ അനുവദിച്ചുതരുന്ന സ്ഥലത്ത് കാഴ്ചക്കാരെ ഒഴിവാക്കി വെര്‍ച്വല്‍ പുലിക്കളി ഒരുക്കാന്‍ അയ്യന്തോള്‍ ദേശം തീരുമാനിച്ചിട്ടുണ്ട്. എട്ടു പുലികള്‍ മാത്രമേ ഉണ്ടാകൂ. അഞ്ചു കൊട്ടുകാരും.
സംഘാടകരും മാധ്യമപ്രവര്‍ത്തകരും അടക്കം പരമാവധി 40 പേരെയാണു പങ്കെടുപ്പിക്കുക. പുലിക്കളിയുടെ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവ് വഴി ലോകത്തെ കാണിക്കും.
അടുത്ത വര്‍ഷമെങ്കിലും തൃശൂരിന്റെ രാജവീഥികളെ വിറപ്പിക്കാന്‍ അരമണിയും കാല്‍ച്ചിലമ്പും കിലുക്കി കുടവയറിലെ പുലിമുഖങ്ങള്‍ അലറിയാര്ത്തണയുമെന്ന പ്രതീക്ഷയിലാണു ശക്തന്റെ തട്ടകത്തിലെ പുലിമടകള്‍.