സ്വന്തം ലേഖകൻ
തൃശൂർ: നാലോണ നാളിൽ പുലിച്ചുവടുകളുമായി തൃശൂർ നഗരത്തിൽ അലറിയാർക്കുന്ന പുലികൾ ഇനി രക്ഷകരുടെ റോളിൽ. പ്രളയം വന്നാൽ ഇനി അയ്യന്തോളിന്റെ പുലികൾ ബോട്ടിൽ പാഞ്ഞെത്തും…രക്ഷിക്കാനായി…
പ്രളയഭീതിയിൽ കഴിയുന്ന തൃശൂരിൽ റസിഡൻസ് അസോസിയേഷനുകളും മറ്റും സ്വരക്ഷക്കായി ബോട്ടുകൾ നിർമിക്കുന്നതിന്റെ ഭാഗമായാണ് അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി പ്രളയക്കെടുതിയിൽ പെടുന്നവരെ ര ക്ഷിക്കാനായി ബോട്ടു നിർമിക്കുന്നത്.
ഇതിന്റെ പണികൾ പൂർത്തിയായി വരുന്നു.വെള്ളക്കെട്ടിൽ അകപ്പെട്ടു പോകുന്നവരെ രക്ഷിക്കാൻ ഈ ബോട്ടുപയോഗപ്പെടുത്തും.മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും ബോട്ടുനിർമാണവുമായി മുന്നോട്ടുപോകുകയാണെന്ന് സെക്രട്ടറി കണ്ണൻ പറന്പത്ത് പറഞ്ഞു.
മുൻവർഷങ്ങളിൽ പ്രളയമുണ്ടായപ്പോൾ പെട്ടന്ന് വെള്ളം കയറുന്ന സ്ഥിതിയായിരുന്നുവെന്നും അന്ന് വലിയ ചെന്പുകളിലും മറ്റുമായാണ് അയ്യന്തോളും പരിസരത്തുമുള്ളവരെ ഇവർ രക്ഷപ്പെടുത്തിയത്.
ആളുകളെ സുരക്ഷിതമായി എങ്ങിനെ വെള്ളക്കെട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരാമെന്ന ചിന്തയിൽ നിന്നാണ് ഇത്തരമൊരു ബോട്ട് നിർമിക്കാൻ ഇവർ തീരുമാനിച്ചത്.
നാലാൾക്ക് കയറാവുന്ന ബോട്ടാണ് ഇവർ നിർമിക്കുന്നത്. യു ട്യൂബിലും മറ്റും നോക്കി ബോട്ട് നിർമാണം പഠിച്ചെടുത്ത് ഏറ്റവും നല്ല രീതിയിലാണ് ഇവരുടെ ബോട്ടു നിർമാണം.
പ്രളയകാലത്ത് പുലികൾ നിരവധി പേരെ വെള്ളക്കെട്ടിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്. ഡ്രമ്മുകൾ ഉപയോഗിച്ചാണ് ബോട്ടു നിർമാണം. ആവശ്യാനുസരണം ബോട്ടുകൾ നിർമിക്കാൻ വേണ്ടി ഇരുപതോളം ഡ്രമുകൾ സ്റ്റോക്കു ചെയ്തിട്ടുണ്ട്.