തൃശൂർ: അരമണി ഇളക്കി മേള അകമ്പടിയിൽ ഇന്ന് സ്വരാജ് റൗണ്ടിൽ പുലികളിറങ്ങും. അഞ്ച് ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് നാല് മണിയോടെ സ്വരാജ് റൗണ്ടിനെ വലംവയ്ക്കും. രാവിലെ തന്നെ ദേശങ്ങളിൽ മെയ്യെഴുത്ത് ആരംഭിച്ചു.
ആദ്യം പുറപ്പെടുന്നതും സ്വരാജ് റൗണ്ടിലെത്തുന്നതും വിയ്യൂർ ദേശത്തിന്റെ പുലികളാണ്. ബിനി ടൂറിസ്റ്റ് ഹോം ജംക്ഷനിലാണ് ഫ്ലാഗ് ഓഫ് നടക്കുക. തുടർന്ന് സീതാറാം മിൽ നടുവിലാലിന് മുന്നിലെത്തി കളി തുടങ്ങും.
തുടർന്ന് കാനാട്ടുകരയും അയ്യന്തോളും എംജി റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കും. ആറ് മണിയോടെ എല്ലാ സംഘങ്ങളും സ്വരാജ് റൗണ്ടിൽ അണിനിരക്കും. പ്ലോട്ടുകളും ഇതോടൊപ്പമുണ്ടാകും.
ആസ്വാദകർക്ക് സൗകര്യമായി പുലിക്കളി ആസ്വദിക്കാനുള്ള സുരക്ഷയും അനുബന്ധ സംവിധാനങ്ങളും പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഒരു പുലിക്കളി സംഘത്തില് 35 മുതല് 51 വരെ പുലികളും ഒന്ന് വീതം നിശ്ചല ദൃശ്യവും ഹരിത വണ്ടിയും പുലി വണ്ടിയും ഉണ്ടായിരിക്കും.
സംസ്ഥാന ടൂറിസം വകുപ്പും ഡി.ടി.പി.സിയും തൃശൂര് കോര്പറേഷനും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമാണ് നാലോണ നാളിലെ പുലിക്കളി മഹോത്സവം. ഇക്കുറിയും ദേശങ്ങളിൽ പെൺപുലി സാന്നിധ്യവുമുണ്ട്.