തൃശൂർ: പെട്ടന്നങ്കട് വൈകീട്ടായ പോലെ….ആകെ മൂടിക്കെട്ടി….മഴക്കാറ് പോലെ തോന്നി….തൃശൂരിൽ സൂര്യഗ്രഹണ ആകാശവിസ്മയം തന്ന അനുഭവം തൃശൂർക്കാർ പങ്കിടുകയായിരുന്നു. മറ്റു ജില്ലകളെ അപേക്ഷിച്ച് തൃശൂരിൽ അത്രയും കാര്യമായ കാഴ്ചാനുഭവം ഇല്ലായിരുന്നുവെങ്കിലും രാവിലെ ജില്ലയിലെ പലയിടത്തും ആകാശവിസ്മയം കാണാൻ വിദ്യാർഥികളടക്കം നിരവധിപേരെത്തിയിരുന്നു.
തൃശൂർ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലും രാമവർമപുരം വിജ്ഞാൻസാഗർ സയൻസ് മ്യൂസിയത്തിലും പോലീസ് അക്കാദമി, കുന്നംകുളം, വടക്കാഞ്ചേരി, ചാലക്കുടി പനന്പിള്ളി കോളജ് എന്നിവിടങ്ങളിലുമെല്ലാം സൂര്യഗ്രഹണം കാണാൻ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.
ഗ്രഹണസമയത്ത് സൂര്യനെ നഗ്നനേത്രങ്ങളാൽ നോക്കരുതെന്ന മുന്നറിയിപ്പും നിർദ്ദേശവുമുണ്ടായിരുന്നതിനാൽ ടെലസ്കോപും പ്രത്യേക കണ്ണടയുമെല്ലാം ഉപയോഗിച്ചാണ് ഇവിടെയെല്ലാം ആളുകൾ സൂര്യഗ്രഹണം വീക്ഷിച്ചത്.
വിജ്ഞാൻസാഗർ സയൻസ് മ്യൂസിയത്തിൽ സൂര്യഗ്രഹണം കാണാൻ ജില്ല കളക്ടർ എസ്.ഷാനവാസും മറ്റും എത്തിയിരുന്നു. പ്രത്യേക കണ്ണടകൾ ധരിച്ചാണ് ഇവർ സൂര്യഗ്രഹണം വീക്ഷിച്ചത്.