ത്യശൂർ: നഗരത്തിലെത്തുന്ന വാഹനങ്ങളിൽ കുളത്തിൽ നീന്താനുള്ള സൗകര്യങ്ങളുമായി ഇനി എത്തണം. ഒട്ടു മിക്ക റോഡുകളും “കുള’ മായി മാറിയിട്ടും കോർപറേഷൻ അറിഞ്ഞമട്ടില്ല. മഴയിൽ ടാറിംഗ് നടത്താൻ കഴിയില്ലെങ്കിലും മെറ്റലും പാറപ്പൊടിയെങ്കിലുമിട്ട് കുളം നികത്തിയില്ലെങ്കിൽ നിരവധി പേർ അപകടത്തിൽ പെടുമെന്നതിൽ തർക്കമില്ല. വെളിയന്നൂർ കെഎസ്ആർടിസി വഴിയുള്ള യാത്രയാണ് അതി കഠിനമായിരിക്കുന്നത്.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡ് കുണ്ടും കുഴിയുമായി മാറിയതോടെ യാത്ര ദുരിതമായി. വലിയ കുഴികളാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, എറണാകുളം, ശക്തൻസ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നും വരുന്ന നൂറുകണക്കിന് വാഹനങ്ങളും കുറുപ്പം റോഡ് വഴി വരുന്ന വാഹനങ്ങളും വരുന്ന റോഡാണ് തകർന്ന് കിടക്കുന്നത്.
നിരവധി വാഹനങ്ങളാണ് ഈ വലിയ കുഴികളിൽ വീണ് അപകടത്തിൽ പെടുന്നത്. മഴ വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴിയുടെ ആഴം അറിയാതെ വാഹനങ്ങൾ വീണ് തകരാറു സംഭവിക്കുന്നതും പതിവായി മാറി. ബസുകൾ കുഴികളിൽ ചാടുന്പോൾ യാത്രക്കാരുടെ നട്ടെല്ല് ഒടിക്കുന്ന സാഹചര്യമാണ്. നൂറു മീറ്ററിനുള്ളിൽ ചെറിയതും വലിയതുമായ 10 കുഴികളാണ് ഈ റോഡിൽ മാത്രം ഉള്ളത്.
കുഴികൾ കണ്ട് വാഹനം വെട്ടിക്കുന്പോൾ ഉണ്ടാകുന്ന അപകടങ്ങളും ഏറെയാണ്. ഇവിടെ നിൽക്കുന്ന ട്രാഫിക്ക് പോലീസുകാരന്റെ പ്രധാന ജോലി ഇപ്പോൾ വരുന്ന വാഹനങ്ങൾ കുഴിയിൽ വീഴാതെ ഇരിക്കാൻ നിർദേശം കൊടുക്കലാണ്. മഴയത്ത് നിന്നാണ് പോലീസുകാരൻ പല ബൈക്കുകാരെയും കുഴിയിൽ വീഴാതെ രക്ഷപെടുത്തുന്നത്. കുഴികൾ നിറഞ്ഞതോടെ ഗതാഗതകുരുക്കും ഇരട്ടിയായി.