ചാവക്കാട്: ആറ് മക്കളുടെ അമ്മയ്ക്ക് ഒടുവിൽ ആശ്രയഭവൻ ആശ്രയമായി. പാലക്കാട് മുണ്ടൂർ സ്വദേശിനിയായ സരോജനി (78)ക്കാണ് നടത്തറ ആശ്രയഭവൻ അഭയം നൽകിയത്.മൂന്നു ആണ്മക്കളും മൂന്നു പെണ്മക്കളുമുള്ള സരോജിനിയെ മക്കൾ സംരക്ഷിക്കാത്തതിനെ തുടർന്നാണത്രേ വീടുവിട്ടിറങ്ങിയത്. ഗുരുവായൂരിലെത്തിയ സരോജനി പിന്നീട് ചാവക്കാട് പോലീസ് സ്റ്റേഷനിലെത്തി. മക്കൾ സംരക്ഷിക്കാത്തതിനെ തുടർന്നാണ് നാടുവിട്ടതെന്നു സരോജനി പോലീസിനോട് പറഞ്ഞു.
വിലാസം ചോദിച്ചറിഞ്ഞ പോലീസ് മുണ്ടൂർ പോലീസിനെ വിവരം അറിയിച്ചു. അവിടത്തെ പോലീസ് സരോജനിയുടെ മക്കളെ കണ്ടെത്തി വിവരം അറിയിച്ചുവെങ്കിലും അമ്മയെ ഏറ്റെടുക്കാൻ ആരും എത്തിയില്ല.ഇന്നലെ ഉച്ചയ്ക്ക് ചാവക്കാട് പോലീസ് സ്റ്റേഷനിലെത്തിയ സരോജനിയെ മക്കളെ ഏൽപ്പിക്കുന്നതിനായി രാത്രി വരെ പോലീസ് കാത്തിരുന്നു. പെറ്റത്തള്ളക്കായി ആരുമെത്തിയില്ല.
രാത്രിയായിട്ടും അമ്മയെ തേടി മക്കൾ എത്താത്തതിനെ തുടർന്ന് പോലീസ് പാലയൂർ ഇമ്മാനുവേൽ ജീവകാരുണ്യ സമിതി ഡയറക്ടർ സി.എൽ.ജേക്കബിനെ അറിയിച്ചു. സരോജനിയെ ഏറ്റെടുത്ത ജേക്കബ് നടത്തറയിൽ ലീന പീറ്റർ നടത്തുന്ന ആശ്രയഭവനിൽ എത്തിച്ചു.പോലീസ് ജീപ്പിൽ വനിതാ പോലീസിന്റെ സംരക്ഷണത്തിൽ മക്കൾക്ക് ആവശ്യമില്ലാത്ത അമ്മയെ ലീന പീറ്റർ സ്നേഹപൂർവം സ്വീകരിച്ചപ്പോൾ സരോജനിക്ക് ഒരു മകളെ തിരിച്ചുകിട്ടി. പോലീസിനും ജേക്കബിനും ആശ്വാസം.