തൃശൂർ: നഗരത്തിനകത്തെ പ്രധാന ഡിവിഷനുകളെ കണ്ടെയ്ൻമെന്റ് സോണുകളിൽനിന്ന് ഒഴിവാക്കിയതോടെ തൃശൂർ നഗരത്തിലെ ഒരു ഭാഗം സജീവമാകുന്നു.
സോണിലുൾപ്പെട്ടിരുന്ന പാട്ടുരായ്ക്കലും തേക്കിൻകാടും ഒഴിവാക്കിയതോടെയാണ് നഗരത്തിലെ പ്രധാന ഭാഗങ്ങൾ തുറന്നത്. കഴിഞ്ഞ ദിവസമാണ് തേക്കിൻകാടും ഒളരിക്കരയും സോണിൽനിന്ന് ഒഴിവാക്കി കളക്ടർ ഉത്തരവിട്ടത്.
അതേസമയം നാലു ഡിവിഷനുകൾ ഇപ്പോഴും കോർപറേഷനിൽ കണ്ടെയ്ൻമെന്റ് സോണുകളാണ്. പള്ളിക്കുളം (35), കൊക്കാലെ (39), എൽത്തുരുത്ത് (49), അരണാട്ടുകര (51) എന്നിവയാണ് ഇപ്പോഴത്തെ കണ്ടയ്ൻമെന്റ് സോണുകൾ.
കോവിഡ് 19 രോഗവ്യാപനസാധ്യത നിയന്ത്രണ വിധേയമായതിനെ തുടർന്നാണ് തൃശൂർ കോർപറേഷനിലെ പാട്ടുരായ്ക്കൽ, ചിയ്യാരം സൗത്ത്, തേക്കിൻകാട്, ഒളരിക്കര ഡിവിഷനുകളെ കണ്ടെയ്ൻമെന്റ് സോണ്‍ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടത്.
പള്ളിക്കുളം, കൊക്കാലെ ഡിവിഷനുകൾ ഇപ്പോഴും കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്നതിനാൽ നഗരത്തിന്റെ ഒരു പ്രധാനഭാഗം ഇപ്പോഴും അടഞ്ഞുകിടപ്പാണ്. അധികം വൈകാതെ ഇവയും കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നാണ് സൂചന.
ജില്ലയിൽ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ എഴ്, എട്ട്, 11, 12 എന്നീ നാലു വാർഡുകളിലും ചാലക്കുടി നഗരസഭയിലെ 16, 19, 21, 30, 31, 35, 36 എന്നീ എഴ് വാർഡുകളിലും കണ്ടെയ്ൻമെന്റ് സോണ്‍ നിയന്ത്രണം തുടരും.