മൂന്നുദിവസം മുമ്പ് കാണാതായ വയോധികയെ കൊലപ്പെടുത്തി വീടിനു സമീപം കത്തിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. വെള്ളിക്കുളങ്ങര മുക്കാട്ടുകര വീട്ടില്‍ ചെറിയക്കുട്ടി ഭാര്യ കൊച്ചുത്രേസ്യയാണ് (80)കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് 91 കാരനായ ഭര്‍ത്താവിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പറയുന്നു.
വെള്ളിക്കുളങ്ങര -ചാലക്കുടി റോഡിലെ കമലക്കട്ടിയിലുള്ള വീട്ടിലാണ് സംഭവം. വയോധികരായ ദമ്പതികള്‍ മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. കൊച്ചുത്രേസ്യയെ ഈ മാസം 27 മുതല്‍ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വെള്ളിക്കുളങ്ങര പോലിസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെയാണ് മൃതദേഹം കത്തികരിഞ്ഞനിലയില്‍ കണ്ടെത്തിയത്.
കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണത്തിനെത്തിയ പോലീസിനോട് കൊച്ചുത്രേസ്യ ഓട്ടോയില്‍ കയറി ബന്ധുവിന്റെ വീട്ടിലേക്ക് പോയയെന്നാണ് പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബന്ധുക്കളുടെ വീടുകളില്‍ കൊച്ചുത്രേസ്യ എത്തിയിട്ടില്ലെന്ന് പോലിസിന് ബോധ്യമായി.
ഇന്നലെ രാവിലെ വീടും പരിസരവും പോലിസ് അരിച്ചുപെറുക്കി പരിശോധിച്ചപ്പോഴാണ് വീടിനു പുറകിലെ ഷെഡിനു സമീപം എന്തോ കത്തിക്കരിഞ്ഞു കിടക്കുന്നതായി എസ്‌ഐ സുധീഷിന്റെ ശ്രദ്ധയില്‍ പെട്ടത്. സൂക്ഷ്മ പരിശോധനയില്‍ ചാരത്തിനിടയില്‍ തലയോട്ടിയുടെ അവശിഷ്ടം കണ്ടെത്തി. തുടര്‍ന്ന് ഭര്‍ത്താവ് ചെറിയക്കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് താന്‍ മൃതദേഹം കത്തിച്ചുകളഞ്ഞതായി ഇയാള്‍ സമ്മതിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി ചെറിയക്കുട്ടിയും കൊച്ചുത്രേസ്യയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
ഇവര്‍ തമ്മില്‍ വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു. വഴക്കിടിനിടയില്‍ താന്‍ കൊച്ചുത്രേസ്യയെ പിടിച്ചുതളളിയതായും തലയിടിച്ചു നിലത്തുവീണ കൊച്ചുത്രേസ്യ മരണപ്പെടുകയായിരുന്നെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. മൃതദേഹം പുതപ്പിനുള്ളില്‍ പൊതിഞ്ഞു സൂക്ഷിച്ച ശേഷം പിന്നീട് വീട്ടുപറമ്പിലെത്തിച്ച് കത്തിച്ചതായാണ് പറയുന്നത്. മൃതദേഹം പെട്രോള്‍ ഒഴിച്ചുകത്തിച്ചതായാണ് സംശയിക്കുന്നത്.
പോലീസ് വീടിനകത്തു നടത്തിയ പരിശോധനയില്‍ വീടിന്റെ മുകള്‍ നിലയിലുള്ള മുറിയില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. താന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് ചെറിയക്കുട്ടി പോലീസിനോടു പറഞ്ഞിട്ടുള്ളത്. ഭാര്യയുടെ കഴുത്തില്‍ ഉണ്ടായിരുന്ന ആറു പവന്റെ മാല പറമ്പില്‍ കുഴിച്ചിട്ടിട്ടുള്ളതായും ഇയാള്‍ പോലീസിനോടു പറഞ്ഞു. ചാലക്കുടി ഡിവൈഎസ്പി സി.ആര്‍.സന്തോഷ്, വെള്ളിക്കുളങ്ങര പ്രിന്‍സിപ്പല്‍ എസ്‌ഐ. എസ്.എല്‍.സുധീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇന്ന് ഫോറന്‍സിക് വിദഗ്ദരെത്തി മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിക്കുന്നുണ്ട്.