തൃശൂർ: തൃശൂർ – കാഞ്ഞാണി – വാടാനപ്പിളളി റോഡിൽ അഞ്ചു വർഷത്തിനിടെ 394 അപകടങ്ങളും 27 അപകട മരണങ്ങളും സംഭവിച്ചു. എന്നിട്ടും റോഡ് വീതി കൂട്ടുകയോ ആധുനിക സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്യാൻ സർക്കാർ തയാറാകുന്നില്ല.
തൃശൂർ -കാഞ്ഞാണി, വാടനപ്പിളളി റോഡിന്റെ പണി എത്രയും വേഗം പൂർത്തിയാക്കണമെന്നും റോഡിന്റെ ശോച്യാവസ്ഥയ്ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നതാണ്. ഹർജി ഈയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കയാണ്.
ഈ സാഹചര്യത്തിലാണ് ഷാജി കോടങ്കണ്ടത്ത് അപകടങ്ങളുടേയും അപകട മരണങ്ങളുടേയും വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പോലീസ് സ്റ്റേഷനുകളിൽനിന്ന് ശേഖരിച്ചത്. ഇപ്പോൾ ലഭിച്ച വിവരങ്ങൾ ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ സമർപ്പിയ്ക്കുമെന്ന് അഡ്വ. ഷാജി പറഞ്ഞു. തൃശൂർ ടൗണ്‍ വെസ്റ്റ്, അന്തിക്കാട്, വാടാനപ്പിളളി പോലീസ് സ്റ്റേഷനുകളിൽ നിന്നാണ് വിവരാവകാശനിയമപ്രകാരം ഈ വിവരങ്ങൾ ലഭിച്ചത്.
വാടാനപ്പിളളി പോലീസ് സ്റ്റേഷൻ പരിധിയിലുളള തൃശൂർ വാടാനപ്പിളളി റോഡിൽ 22 റോഡ് അപകടങ്ങളും അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 123 അപകടങ്ങളും 12 മരണങ്ങളും തൃശൂർ ടൗണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ 149 അപകടങ്ങളും 13 മരണങ്ങളും ഉണ്ടായി. ഈ റോഡിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 394 അപകടങ്ങളും 27 അപകടമരങ്ങളും ഉണ്ടായി.
കഴിഞ്ഞ വർഷം മേയ് 31 നകം റോഡ് പണി പൂർത്തീകരിയ്ക്കാമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നതാണ്. ഇതനുസരിച്ച് പണി പൂർത്തിയാക്കാത്തതിനാൽ പരാതിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഈ കേസാണ് ഈയാഴ്ച പരിഗണിയ്ക്കുന്നത്.