തൃശൂർ: ഒരു വർഷം മുന്പ് കോർപറേഷൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ വായിച്ച നഗരവാസികളുടെ സന്തോഷം പറഞ്ഞറിയിക്കാനായിരുന്നില്ല. അണ്ടർ പാസേജ്, ജംഗ്ഷനുകളിൽ ടൈൽസ് വിരിക്കൽ, പ്രധാന ജംഗ്ഷനുകളിൽ ഫ്ളൈഓവറുകൾ, എസ്കലേറ്ററുകൾ, മൾട്ടിലെവൽ പാർക്കിംഗ് അങ്ങനെ നിരവധി പ്രഖ്യാപനങ്ങളായിരുന്നു 2018ലെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. ഈ പ്രഖ്യാപനങ്ങളിൽ പലതും 2019ലെ ബജറ്റിലും ആവർത്തിച്ചു. ഇതായിരുന്നു സ്വപ്ന പദ്ധതികളെന്ന് നഗരവാസികൾക്ക് ഇപ്പോഴാണ് മനസിലായത്. എല്ലാം ശരിയാകുമെന്ന വിശ്വാസം കൈവിടാതെ കാത്തിരിക്കയാണെന്നു മാത്രം.
2018ൽ നടത്തിയ ബജറ്റിലാണ് നഗരത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന വാഗ്ദാനങ്ങൾ നൽകിയത്. ശക്തൻ നഗറിൽ ടൈൽസ് വിരിച്ചതുപോലെ അശ്വനി ജംഗ്ഷൻ, കിഴക്കേകോട്ട, പടിഞ്ഞാറേകോട്ട, പൂങ്കുന്നം, പാട്ടുരായ്ക്കൽ, കൂർക്കഞ്ചേരി എന്നീ ജംഗ്ഷനുകളിൽ ടൈൽസ് വിരിക്കും. വെളിയന്നൂർ ജംഗ്ഷൻ, പെരിങ്ങാവ്, കഐസ്ആർടിസി ഉൾപ്പെടെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ അണ്ടർ പാസേജ്. പൂങ്കുന്നം, ഇക്കണ്ടവാര്യർ ജംഗ്ഷൻ, ഫാത്തിമ നഗർ ജംഗ്ഷൻ, അശ്വനി ജംഗ്ഷൻ, വിയ്യൂർ പെരിങ്ങാവ്, ദയ ഹോസ്പിറ്റലിന് സമീപം പുതിയ ഫ്ളൈ ഓവറുകൾ.
മുതിർന്ന പൗരൻമാർക്ക് എസ്കലേറ്ററുകൾ. ജൂബിലി മിഷൻ ആശുപത്രി, മദർ ഹോസ്പിറ്റൽ, മെട്രോ ഹോസ്പിറ്റൽ, ശക്തൻ സ്റ്റാൻഡ്, വടക്കേ സ്റ്റാൻഡ്, സെന്റ് തോമസ് കോളജ് പരിസരം, റെയിൽവേ പരിസരം എന്നിവിടങ്ങളിൽ സബ്വേ, ഫുട് ഓവർ ബ്രിഡ്ജ്. നഗരത്തിൽ ഒരു കോടി മുടക്കി മൾട്ടിലെവൽ പാർക്കിംഗ്.
പക്ഷേ ഇതെല്ലാം വെറും പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് ഇപ്പോഴാണ് നഗരവാസികൾക്ക് മനസിലായത്. ബജറ്റിൽ എഴുതി വച്ചിരിക്കുന്നതു മാത്രമല്ലാതെ ഈ പദ്ധതികൾക്ക് എന്തെങ്കിലും നടപടി ഇതു വരെ ആരംഭിച്ചിട്ടില്ല. പുതിയ ബജറ്റുകളിൽ ഈ പദ്ധതികൾ പകർത്തിയെഴുതി ജനങ്ങളെ വഞ്ചിക്കുക മാത്രമാണ് ചെയ്തു വരുന്നതെന്ന് മനസിലാക്കാൻ വൈകിയെന്ന് നഗരവാസികളിൽ ചിലർ അഭിപ്രായപ്പെട്ടു.
പുതിയ പദ്ധതികൾ നടപ്പാക്കിയിലെങ്കിലും ഉള്ള പദ്ധതികൾ എത്രയും വേഗം തീർക്കാനുള്ള നടപടികളെങ്കിലും എടുക്കണമെന്നാണ് ഇവരുടെ ആവശ്യം. മുനിസിപ്പൽ ജംഗ്ഷനിലെ സബ്വേ കഴിഞ്ഞ പൂരത്തിനുമുന്പ് തുറക്കുമെന്ന പ്രഖ്യാപനം നടത്തിയതല്ലാതെ പൂരവും കഴിഞ്ഞു, മാസങ്ങളും കഴിഞ്ഞു. ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. നഗരത്തിലെ റോഡുകൾ കുത്തിപ്പൊളിച്ചിട്ടത് ടാറിംഗ് നടത്താൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
മഴ മാറിയാൽ ഉടൻ ചെയ്യാമെന്ന് പറയുന്നതല്ലാതെ തങ്ങൾക്ക ഇനി കോർപറേഷൻ അധികാരികളോട് പറയാൻ തന്നെ നാണമായിരിക്കയാണെന്ന് വ്യാപാരികളും വ്യക്തമാക്കി. എന്തായാലും പുതിയ പദ്ധതിയെന്ന നിലയിൽ ശക്തനിൽ ആകാശപാത നിർമിക്കുന്നതിനുള്ള തിടുക്കത്തിലാണ് കോർപറേഷൻ. റോഡിലൂടെ ആളുകൾക്ക് നടക്കാൻ സാധിക്കാതായതോടെ ആകാശപാതയെങ്കിലും എത്രയും വേഗം നിർമാണം പൂർത്തിയാക്കണമെന്നാണ് നഗരവാസികളുടെ അഭിപ്രായം.