പ്രത്യേക ലേഖകൻ
തൃശൂർ: സിനിമാതാരത്തെ ഇറക്കി ത്രികോണ മത്സരത്തോളം കടുത്ത പോരാട്ടം നടന്ന തൃശൂരിൽ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എൻ. പ്രതാപന്റെ വിജയത്തിനു താരപ്പൊലിമയേക്കാൾ പ്രതാപം.ബിജെപി ഇറക്കിയ താരം സുരേഷ് ഗോപിയുടെ പ്രചാരണ സമ്മേളനങ്ങളിൽ തിങ്ങിനിറഞ്ഞ സ്ത്രീകൾ അടക്കമുള്ള ആൾക്കൂട്ടം വോട്ടായില്ല. അവർ താരത്തോടൊപ്പം സെൽഫിയെടുത്തെങ്കിലും വോട്ടു കുത്തിയില്ല. താരത്തിനു ചുറ്റുമുള്ള ആൾക്കൂട്ടം പ്രതാപനെപ്പോലും ആശങ്കയിലാക്കിയതായിരുന്നു. അതുകൊണ്ടാണ് കെപിസിസി യോഗത്തിൽ അക്കാര്യം സൂചിപ്പിച്ചത്.
ശബരിമല വിഷയം പ്രസംഗിച്ചു വിവാദമാക്കിയും ഹിന്ദുവികാരം ഇളക്കിമറിച്ചുമാണ് സുരേഷ് ഗോപി തൃശൂരിൽ പ്രചാരണത്തിനു തുടക്കമിട്ടത്. “തൃശൂരിനെ ഞാനിങ്ങെടുക്ക്വാ’ യെന്നു പ്രഖ്യാപിച്ചും ബിജെപി പ്രവർത്തകരുടെ വസതികളിൽനിന്ന് ഉൗണു കഴിച്ചും മുന്നേറി. പക്ഷേ, തൃശൂർ കോണ്ഗ്രസിന്റെ നായകൻ പ്രതാപനോടൊപ്പം നിൽക്കാനാണ് ഇഷ്ടപ്പെട്ടത്. “തൃശൂരിനെ ആർക്കും കൊണ്ടുപോകാനാവില്ല, തൃശൂർക്കാർ എന്നെയങ്ങ് എടുത്തെ’ന്നാണു പ്രതാപന്റെ പ്രതികരണം.
സിനിമാതാരമായ സുരേഷ് ഗോപിയെ ഇറക്കി ത്രികോണ മത്സരത്തിനുള്ള ബിജെപിയുടെ ശ്രമം വേണ്ടത്ര ഫലിച്ചില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയതിനേക്കാൾ 88,000 വോട്ടുകൾ കൂടുതൽ പിടിക്കാനേ സുരേഷ് ഗോപിക്കു കഴിഞ്ഞുള്ളൂ. 2014 ൽ ബിജെപി 1.02 ലക്ഷം വോട്ടാണു നേടിയത്. 2016 ൽ 2,05,785 വോട്ടു പിടിച്ചിരുന്നു. മൂന്നര ലക്ഷത്തിലേറെ വോട്ടാണ് അവർ പ്രതീക്ഷിച്ചിരുന്നത്.
സുരേഷ് ഗോപി കൂടുതൽ വോട്ടുപിടിച്ചാൽ ക്ഷീണം യുഡിഎഫിനായിരിക്കുമെന്നായിരുന്നു മിക്കവരുടേയും നിരീക്ഷണം. എന്നാൽ അതിലേറെ വോട്ടുകൾ കിട്ടുകയാണു ചെയ്തത്. പോരാട്ടത്തിൽ ക്ഷീണിച്ചത് എൽഡിഎഫാണ്. എന്നാൽ, തൃശൂർ നിയമസഭാ മണ്ഡലത്തിൽ സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തി. സിപിഐ മന്ത്രി വി.എസ്. സുനിൽകുമാർ വിജയിച്ച മണ്ഡലത്തിൽ സിപിഐയുടെതന്നെ സ്ഥാനാർഥി രാജാജി മാത്യു തോമസിനെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളി.
സുരേഷ് ഗോപി 37,641 വോട്ടു പിടിച്ചപ്പോൾ രാജാജിക്കു 31,110 വോട്ടു മാത്രമാണു കിട്ടിയത്. തൃശൂർ നിയമസഭാമണ്ഡലത്തിൽ പ്രതാപനു കിട്ടിയത് 55,668 വോട്ടാണ്. പ്രതാപന്റെ സ്വന്തം മണ്ഡലമായ നാട്ടികയിൽ അദ്ഭുതകരമായ മുന്നേറ്റമുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. എൽഡിഎഫിനേക്കാൽ 2,400 വോട്ടു കൂടുതൽ നേടിയിട്ടുണ്ട്. എന്നാൽ ഗുരുവായൂർ, മണലൂർ, ഒല്ലൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിൽനിന്ന് പ്രതാപൻ മികച്ച ലീഡ് നേടി. എൽഡിഎഫിനേക്കാൾ ഇരുപതിനായിരത്തോളം വോട്ടിന്റെ ലീഡ്.
ഇരുപത്തയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിക്കുമെന്ന് അവകാശപ്പെട്ടിരുന്ന പ്രതാപൻ ലോക്സഭാ മണ്ഡലത്തെ വീണ്ടെടുത്തതു തൃശൂർ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ്. ഭൂരിപക്ഷം നാലിരട്ടിയാണ് വർധിച്ചതുകണ്ട് അദ്ദേഹംതന്നെ അന്പരന്നു.
ശബരിമല വിഷയത്തിൽ എൽഡിഎഫ് സർക്കാരിന്റെ നയത്തിനെതിരായ വികാരവും ക്രിസ്ത്യൻ സമുദായത്തിന്റേതുൾപ്പെടെ ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണവും രാഹുൽ ഇഫക്ടും യുഡിഎഫിനെ തുണച്ചു. സിപിഐയിലെ പടലപ്പിണക്കവും സിപിഎമ്മിലെ ഒരു വിഭാഗവുമായുള്ള അകൽച്ചയും എൽഡിഎഫിനു ക്ഷീണമുണ്ടാക്കി. സിറ്റിംഗ് എംപിയായിരുന്ന സി.എൻ. ജയദേവനെ മാറ്റിയതു സിപിഐയിൽ അസ്വാരസ്യങ്ങളുണ്ടാക്കിയിരുന്നു.
കെ.പി. രാജേന്ദ്രനെ തഴഞ്ഞതിനെച്ചൊല്ലി വിവാദങ്ങളുമുണ്ടായി. മണ്ഡലത്തിലെ പലയിടത്തും സിപിഎം പ്രവർത്തകർ സിപിഐ പ്രവർത്തകരുമായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. അവർ തമ്മിലുള്ള സംഘർഷം തെരഞ്ഞെടുപ്പു പ്രചാരണ ഘട്ടത്തിൽ ഒത്തുതീർപ്പിലെത്തിക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.