ഗുരുവായൂർ: പ്രിപെയ്ഡ് ഓട്ടോ സംവിധാനം അട്ടിമറിക്കുന്നതിനു പിന്നിൽ ഒരുവിഭാഗം ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് അമിതകൂലി വാങ്ങാനാവില്ലെന്ന തിരിച്ചറിവ്. രാത്രിയിൽ ഗുരുവായൂരിലെത്തുന്ന തീവണ്ടികളിലെ യാത്രക്കാർ ക്ഷേത്രനടയിലേക്കു നൽകേണ്ടത് രണ്ടിരട്ടിയിലധികം യാത്രകൂലി. യാത്രകൂലി സംബന്ധിച്ച് യാത്രക്കാരും ഓട്ടോറിക്ഷ ഡ്രൈവർമാരും തമ്മിൽ തർക്കം നിത്യസംഭവമാണ്.
ദർശനത്തിനെത്തുന്നവർ പരാതി നൽകാതെ മടങ്ങുകയാണ് പതിവ്. ഇതു മുതലാക്കിയാണ് ഒരു വിഭാഗം ഓട്ടോക്കാർ തീർഥാടകരെ പിഴിയുന്നത്.യാത്രക്കാർ പറയുന്ന ലോഡ്ജുകളിൽ ഇറക്കാതെ ഓട്ടോറിക്ഷക്കാർക്കു കമ്മീഷൻ നൽകുന്ന ലോഡ്ജുകളിലേക്ക് നർബന്ധപൂർവം കൊണ്ടുപോകുന്ന സംഭവങ്ങളുമുണ്ട്.
നഗരസഭ കൗൺസിൽ യോഗം പ്രതിഷേധിച്ചു
ഗുരുവായൂർ: റെയിൽവെ സ്റ്റേഷനിൽ തുടങ്ങാനിരുന്ന പ്രീപെയ്ഡ് ഓട്ടോ റിക്ഷ സംവിധാനം അട്ടിമറിക്കപ്പെടുന്നതുമായി ബന്ധപെട്ട് മാധ്യമങ്ങൾ വാർത്ത നൽകിയതിനെ തുടർന്ന് ഒരുവിഭാഗം ഓട്ടോറിക്ഷ തൊഴിലാളികൾ മാധ്യമ പ്രവർത്തകരെ ഭീഷണിപെടുത്തിയ സംഭവത്തിൽ നഗരസഭ കൗണ്‍സിൽ യോഗം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു.
ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഉചിതമായ നടപടി കൈക്കൊള്ളാനും കൗണ്‍സിൽ യോഗം തീരുമാനിച്ചു. കൗണ്‍സിൽ ആരംഭിച്ചയുടൻ കൗണ്‍സിലർ സുരേഷ് വാര്യർ ആണ് വിഷയം കൗണ്‍സിലിൽ അവതരിപ്പിച്ചത്.എന്ത് വിലകൊടുത്തും പ്രീപെയ്ഡ് ഓട്ടോ സംവിധാനം നടപ്പിലാക്കണമെന്ന് മുൻ വൈസ് ചെയർമാൻ കെ.വി.വിനോദ് ആവശ്യപ്പെട്ടു.
മാധ്യമ പ്രവർത്തകർക്കു നേരെയുള്ള ഭീഷണി ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് അത് അംഗീകരിക്കാനാകില്ല. നഗരത്തിലെ പല പാർക്കിംഗ് കേന്ദ്രങ്ങളും അനധികൃതമാണ്. പെർമിറ്റില്ലാത്ത ഓട്ടോകൾ വ്യാപകമായി ഗുരുവായൂരിൽ ഓടുന്നുണ്ട്.ഇതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ട്രാഫിക് റെഗുലേറ്റി യോഗം തീരുമാനിക്കണം.
ഗുരുവായൂരുമായി ബന്ധമില്ലാത്തവരാണ് രാത്രിയിൽ ഭൂരിപക്ഷം ഓട്ടോറിക്ഷകളിലും ഡ്രൈവർമാരായുള്ളത്. ഇതും പരിശോധനക്ക് വിധേയമാക്കണം. അമിത ചാർജ് ഈടാക്കുന്നത് നിർത്താൻ കർശന നടപടികൾ സ്വീകരിക്കണമെന്നും കൗണ്‍സിലർമാർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.
നഗരസഭ ചെയർപേഴ്സണ്‍ വി.എസ്.രേവതി അധ്യക്ഷത വഹിച്ചു. കൗണ്‍സിലർമാരായ പ്രഫ.പി.കെ.ശാന്തകുമാരി, ടി.ടി.ശിവദാസൻ, അഭിലാഷ് വി.ചന്ദ്രൻ, എ.ടി.ഹംസ, പി.എസ്.രാജൻ, ആന്റോ തോമസ്, ജോയ് ചെറിയാൻ, ബഷീർ പൂക്കോട്, ടി.എസ്.ഷെനിൽ, ആർ.വി.മജീദ്, പി.എസ്.പ്രസാദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.