കണ്ടശാംങ്കടവ് (തൃശൂർ):ജില്ലയിൽ കെങ്കേമമായി ഉദ്ഘാടനം നടത്തിയ 16 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ഉച്ചയ്ക്ക് ശേഷം ഒപി പ്രവർത്തനം നിലച്ചു. ഉച്ചയ്ക്ക് ശേഷം ചികിത്സയ്ക്ക് എത്തുന്ന രോഗികൾ ഡോക്ടറില്ലാത്തതിനാൽ നിരാശരായി മടങ്ങുന്നു.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നാലു ഡോക്ടർമാർ വേണം. രാവിലെ ഒന്പതു മുതൽ 1.30 വരെയും 1.30 മുതൽ വൈകീട്ട് ആറുവരെയും രണ്ട് ഷിഫ്റ്റുകളിലായാണ് ഒപിയിൽ രോഗികളെ പരിശോധിക്കേണ്ടത്.രാവിലത്തെ ഒപിയിൽ രണ്ടു ഡോക്ടർമാർ രോഗികളെ പരിശോധിക്കും. മൂന്നാമത്തെ ഡോക്ടർ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവയുടെ വിവിധ മീറ്റിംഗുകളിലും മറ്റും പങ്കെടുക്കണം. നാലാമത്തെ ഡോക്ടർ ഉച്ചകഴിഞ്ഞുള്ള ഒപിയിൽ രോഗികളെ പരിശോധിക്കും.
എന്നാൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ മിക്ക കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും ഉച്ചകഴിഞ്ഞുള്ള ഒപി പ്രവർത്തനം നിലച്ചിരിക്കുകയാണ്. പഞ്ചായത്തുകളുടെ പിന്തുണയോടെ ഒരു ഡോക്ടറെ കൂടി നിയമിക്കണമെന്ന നിർദ്ദേശവും മിക്കയിടങ്ങളിലും നടപ്പിലായില്ല.ഡോക്ടർക്ക് ശബളം നൽകാൻ വേണ്ടി പ്രത്യേക ഫണ്ടും ഇവിടങ്ങളിൽ നീക്കിവെച്ചിട്ടില്ല.
തൃശൂർ ജില്ലയിൽ ഒന്നാം ഘട്ടത്തിൽ 18 ആശുപത്രികളെ കുടുംബാരോഗ്യ കേന്ദ്രമാക്കുമെന്നായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചിരുന്നത്.ഇതിൽ 16 എണ്ണത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി. ലിസ്റ്റിൽ ഉൾപ്പെട്ട എളനാട്, പരിയാരം എന്നീ ആശുപത്രികളെ ഇതു വരെയും കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയിട്ടില്ല.
ഡോക്ടർമാരില്ല, നഴ്സുമാരുണ്ട്
കണ്ടശാംങ്കടവ്: കഴിഞ്ഞ മൂന്നു മുതൽ ഉച്ചക്ക് ശേഷമുള്ള ഒപി പതിവായി നിലയ്ക്കുന്ന മണലൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരില്ല, പകരം നഴ്സുമാരുണ്ട്. മന്ത്രി എ.സി. മൊയ്തീനാണ് ആശൂപത്രി യെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഡോക്ടർ ഇല്ലാത്തതിനാൽ ഉച്ചക്ക് ശേഷം ഒപിയില്ലെന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചുമരിൽ പ്രത്യക്ഷപ്പെടും.
ഉച്ചക്ക് ശേഷം ഒപിയിൽ ചികിത്സ തേടിയെത്തുന്ന തീരദേശത്തെ പാവപ്പെട്ട രോഗികൾ ഇത് വായിച്ച് നിരാശരായി മടങ്ങും.നാലു ഡോക്ടർമാരാണ് ഇവിടെ വേണ്ടത്. മൂന്നു ഡോക്ടർമാർ ഉണ്ടായിരുന്നുവെങ്കിലും ഒരു ഡോക്ടറെ പ്രത്യേക ചുമതല നൽകി തൃശൂരിലേക്ക് മാറ്റി. ഫലത്തിൽ രണ്ട് ഡോക്ടർമാരേ ഇപ്പോഴുള്ളൂ. ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു ഡോക്ടറെക്കൂടി ഇവിടേക്ക് ചുമതലപ്പെടുത്തിയെങ്കിലും ഉച്ചതിരിഞ്ഞുള്ള ഒപി തുടർച്ചയായി നിലയ്ക്കുകയാണ്