സ്വന്തം ലേഖകൻ
തൃശൂർ: രജിസ്റ്റർ ചെയ്യാത്ത കന്പനികളുടെ പേരിലും ഭൂമിക്കച്ചവടത്തിനും വഴിവിട്ട വായ്പ നൽകി തൃശൂർ ജില്ലാ സഹകരണ ബാങ്കിൽ 423 കോടിയിലേറെ വായ്പാ കുടിശിക ക്രമക്കേട്. മുൻ ഭരണസമിതിയുടെ കാലത്തെ വായ്പാ ക്രമക്കേടുകളാണു കണ്ടെത്തിയിരിക്കുന്നത്. പത്തുകോടി രൂപയിലേറെ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത അറുപതിലേറെ ഇടപാടുകാരുണ്ട്. ഭൂമിവാങ്ങാൻ നിയമവിരുദ്ധമായി വായ്പ നൽകി കുടിശിക വരുത്തിയവർക്ക് അതേ പണയഭൂമിയുടെ ഈടിൽ വീണ്ടും പലതവണ വായ്പനൽകിയതായും കണ്ടെത്തിയിട്ടുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക് അടക്കം പല ദേശസാത്കൃത ബാങ്കുകളിലുമുള്ള വായ്പാ തട്ടിപ്പുകൾ സംബന്ധിച്ച് അന്വേഷണം ചൂടുപിടിച്ചിരിക്കേയാണ് ജില്ലാ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുകൾ കണ്ടെത്തിയിരിക്കുന്നത്. ജില്ലാ ബാങ്ക് ഭരണസമിതി യുഡിഎഫ് ഭരിച്ചിരുന്ന 2015 മുതൽ 2017 വരെയുള്ള വർഷങ്ങളിലാണു ക്രമക്കേട്. വായ്പാ കുടിശിക തിരിച്ചടക്കാത്ത അറുപതിലേറെ വൻകിട വായ്പക്കാരിൽ ഏറെയും റിയൽ എസ്റ്റേറ്റ് ബിസിനസുകാരും ബിൽഡേഴ്സുമാണ്.
കറൻസി നിരോധനത്തോടെ സ്ഥലക്കച്ചവടവും നിർമാണമേഖലയും തകർന്നതാണ് തിരിച്ചടവു മുടങ്ങാൻ കാരണം. ഈടായി നൽകിയ പണയഭൂമിയുടെ യഥാർഥ വിലയേക്കാൾ കൂടുതൽ തുക വായ്പനൽകിയ കേസുകളുമുണ്ട്. പണയഭൂമി കണ്ടുകെട്ടിയാലും പലിശയും മുതലും വീണ്ടെടുക്കാനാവില്ല. വിദേശത്തുള്ളയാളുടെ മൂന്നര ഏക്കർസ്ഥലം മുക്ത്യാർ സഹിതം കരസ്ഥമാക്കി പണയപ്പെടുത്തി പല ധനകാര്യ സ്ഥാപനങ്ങളിൽനിന്നായി കോടിക്കണക്കിനു രൂപ വായ്പയെടുത്ത സംഭവവും ഉണ്ട്.
മൂന്നര ഏക്കർ സ്ഥലത്തിന് 60 ലക്ഷം രൂപ ആദ്യഘട്ടം വിലയായി നൽകിയാണ് തട്ടിപ്പുസംഘം മുക്ത്യാർ സഹിതം സ്ഥലം കൈവശപ്പെടുത്തിയത്. ജില്ലാ സഹകരണ ബാങ്കിൽ പണയപ്പെടുത്തിയ സ്ഥലത്തിന്റെ ബാധ്യത ആറുകോടി രൂപയാണ്. ബാധ്യതാ വിവരം അറിഞ്ഞ് ബാങ്കിൽ എത്തിയ സ്ഥലമുടമ പരാതി ഫയൽ ചെയ്തിട്ടുണ്ട്.കന്പനി നിയമമനുസരിച്ച് രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളുടെ പേരിലും കോടിക്കണക്കിനു രൂപ വായ്പ നൽകിയിട്ടുണ്ട്.
സ്ഥാപനത്തിന്റെ ഡയറക്ടർമാരെ കണ്ട് വായ്പാ കുടിശികക്കാര്യം ചോദിച്ചപ്പോൾ തങ്ങൾ ഡയറക്ടറല്ലെന്നു മറുപടി നൽകിയ സംഭവങ്ങളും ഉണ്ട്. കന്പനിക്കുവേണ്ടി വായ്പയെടുക്കുന്പോൾ പണയ്പെടുത്തേണ്ടത് കന്പനിയുടെ സ്വത്തുവകകളാണ്. എന്നാൽ കന്പനിയുമായി ഒരു ബന്ധവുമില്ലാത്ത സ്വകാര്യ വ്യക്തികളുടെ ഭൂമി പണയപ്പെടുത്തി വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കെണിയിലകപ്പെട്ടവരുമുണ്ട്.
പരിശോധനകൾ ഉടനേ പൂർത്തിയാക്കി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കും വായ്പയെടുത്തവർക്കും എതിരേ നടപടിയെടുക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ ടി.കെ. സതീഷ്കുമാറും ജനറൽ മാനേജർ ഡോ. എം. രാമനുണ്ണിയും പത്രസമ്മേളനത്തിൽ അറിയിച്ചു. പോലീസ് നടപടികളും വേണ്ടിവരുമെന്ന് അവർ പറഞ്ഞു.