തൃശൂർ: ദുരിതാശ്വാസ ക്യാന്പിലേക്കുള്ള സാധനസാമഗ്രികൾ സൂക്ഷിക്കാൻ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം വിട്ടുകൊടുത്ത കേരള അഡ്വക്കേറ്റ്സ് ക്ലർക്ക്സ് അസോസിയേഷൻ തൃശൂർ യൂണിറ്റിന്റെ കളക്ടറേറ്റിലെ ഓഫീസ് തിരിച്ചുനല്കാത്തതിൽ പ്രതിഷേധിച്ച് മാർച്ച് നടത്തുന്നു.
അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ രാവിലെ പത്തിന് പടിഞ്ഞാറേകോട്ടയിൽനിന്ന് മാർച്ച് ആരംഭിക്കും. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ മാർച്ചിൽ പങ്കെടുക്കും. അന്നേ ദിവസം ക്ലർക്കുമാർ പണിമുടക്കിയാണ് മാർച്ചിൽ പങ്കെടുക്കുക. ദുരിതാശ്വാസ പ്രവർത്തനത്തിനു ഹാൾ ആവശ്യപ്പെട്ട സമയത്തു തന്നെ യാതൊരു തടസവും കൂടാതെയാണ് വിട്ടുനൽകിയത്.
450 അംഗങ്ങളുള്ള അസോസിയേഷന് പുതിയ കെട്ടിട സമുച്ചയത്തിൽ മുറി അനുവദിച്ചിട്ടുണ്ടെങ്കിലും നേരത്തെ പറഞ്ഞ വലിപ്പമുള്ള മുറി നൽകിയില്ലത്രേ. അതിനാലാണ് കളക്ടറേറ്റ് കെട്ടിടത്തിലുള്ള മുറി വിട്ടുകൊടുക്കാൻ തയാറാകാത്തതെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഹാൾ തിരിച്ചുനൽകാൻ നേരിട്ടു കണ്ടും അപേക്ഷ നൽകുകയും മന്ത്രിമാർ മുഖേന ആവശ്യപ്പെടുകയും ചെയ്തിട്ടും കളക്ടർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതത്രേ. സംസ്ഥാന സെക്രട്ടറി പി.വി.സന്തോഷ്, കമ്മിറ്റിയംഗം സി.പി.പോൾസൻ, ജില്ലാ സെക്രട്ടറി വി.വിശ്വനാഥൻ, യൂണിറ്റ് പ്രസിഡന്റ് കെ.എസ്.സുധീർ, സെക്രട്ടറി പി.പ്രതാപൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.