സ്വന്തം ലേഖകൻ
തൃശൂർ: കോർപറേഷൻ കൗണ്‍സിലിൽ ചർച്ച ചെയ്തു പാസാക്കാനുള്ള അജണ്ടയിൽ പകുതിയും മേയർ മുൻകൂർ അനുമതി നൽകി നടപ്പാക്കിയവ. പ്രതിപക്ഷാംഗങ്ങൾ കറുത്ത തുണികൊണ്ടു വായ്മൂടിക്കെട്ട് പ്രതിഷേധിച്ചു. ബിജെപി അംഗങ്ങൾ ഒരു പടികൂടി കടന്ന് വായമൂടിക്കെട്ടി കൗണ്‍സിൽ ഹാളിന്റെ നടുത്തളത്തിലിറങ്ങി കുത്തിയിരിപ്പു നടത്തി.
കൗണ്‍സിലിൽ ചർച്ച ചെയ്ത് അംഗീകരിക്കാനുള്ള 90 അജണ്ടകളിൽ 39 എണ്ണവും മേയർ മുൻകൂർ അനുമതി നൽകിയതാണ്. ഇതിൽ മിക്കവയും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പണികൾ. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സ്റ്റാൻഡിംഗ് കമ്മിറ്റിയെ മറികടന്ന് മേയർ മുൻകൂർ അനുമതി നൽകിയ ഫയലുകളാണ് കൗണ്‍സിലിന്റെ അംഗീകാരത്തിന് അജണ്ടയിൽ ഉൾപെടുത്തിയതെന്നാണ് ആരോപണം.
അടിയന്തര ഘട്ടത്തിൽ മാത്രമാണ് മേയർ മുൻകൂർ അനുമതി നൽകേണ്ടത്. എന്നാൽ കോർപറേഷൻ കൗണ്സിലിന്റെതന്നെ അധികാരം കവർന്നെടുത്ത് എല്ലാ ഭരണകാര്യങ്ങളും മേയർ മുൻകൂർ അനുമതിയെന്ന പേരിൽ നടപ്പാക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ കൗണ്‍സിലർമാർ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ, ജോണ്‍ ഡാനിയേൽ തുടങ്ങിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം പ്രകടിപ്പിച്ചത്.