ഗുരുവായൂർ: ഗുരുവായൂർ നഗരസഭ കൗണ്‍സിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. ഭരണപക്ഷ കൗണ്‍സിലർമാരുടെ വലയത്തിൽ ചെയർപേഴ്സണ്‍ അജണ്ടകൾ വായിച്ച് പാസാക്കിയതായി അറിയിച്ച് കൗണ്‍സിൽയോഗം പിരിച്ചുവിട്ടു. നഗരസഭ കൗണ്‍സിൽയോഗം തുടങ്ങിയ ഉടനെ ടൗണിൽഹാളിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലർ ആന്റോ തോമസ് അടിയന്തര പ്രമേയത്തിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, ഈവിഷയം പോലീസിൽ പരാതി നൽകിയിട്ടുള്ളതാണെന്നും പോലീസിന്റെ അന്വേഷണ റിപ്പോട്ട് വരുന്നതിനനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സണ്‍ വി.എസ്. രേവതി അറിയിച്ചു. കുറ്റം ആരോപിക്കപ്പെട്ട താൽക്കാലിക ജീവനക്കാരനെ ജോലിയിൽനിന്ന് ഒഴിവാക്കിയതായും ചെയർപേഴ്സണ്‍ പറഞ്ഞു. ഇതിനാൽ അടിയന്തര പ്രമേയം അനുവദിക്കാൻ ആവില്ലെന്ന് അറിയിച്ചു.
എന്നാൽ, സ്ത്രീസൗഹൃദനഗരം എന്ന് കൊട്ടിഘോഷിക്കുന്ന നഗരസഭയിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ കാമറ സ്ഥാപിച്ച സംഭവം അതീവ ഗൗരവമുള്ളതാണെന്നും ഇത് ചർച്ച ചെയ്യണമെന്നും കൗണ്‍സിലർമാരായ ഷൈലജ ദേവൻ, ജോയ് ചെറിയാൻ, പ്രിയ രാജേന്ദ്രൻ, ശ്രീദേവി ബാലൻ, പി.എസ്. രാജൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.
എന്നാൽ അടിയന്തരപ്രമേയം അനുവദിക്കാതിരുന്നതോടെ പ്രതിപക്ഷ കൗണ്‍സിലർമാർ മുദ്രാവാക്യവിളികളോടെ ചെയർമാൻ ചേംബറിന്റെ മുന്നിലേക്കെത്തി. ഇതോടെ ഭരണപക്ഷത്തുനിന്നുള്ള വനിതാ കൗണ്‍സിലർമാരും സ്ഥിരം സമിതി അംഗങ്ങളും ചെയർപേഴ്സണ്‍ ചുറ്റും സുരക്ഷാവലയം തീർത്തു. തുടർന്ന് ഇരുപക്ഷവും തമ്മിൽ വാക്കുതർക്കമായി. ഇതോടെ ചെയർമാൻ അജണ്ടകൾ വായിച്ചുതുടങ്ങി.
പ്രതിപക്ഷത്തെ കൗണ്‍സിലർമാർ ചെയർമാൻ രാജിവയ്ക്കുക, കുറ്റക്കാരെ സംരക്ഷിക്കുന്ന നട പടി ഒഴിവാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ചെയർമാൻ ചേംബറി്ന്റെ മുന്നിൽ അണിനിരന്നു. ഇതോടെ അജണ്ടകൾ വായിച്ച് പൂർത്തിയാക്കിയ ചെയർമാൻ അജണ്ടകൾ പാസാക്കി കൗണ്‍സിൽയോഗം പിരിച്ചുവിട്ടതായി അറിയിച്ചു.